ന്യുഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച സൈക്കോവ്-ഡി കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് വേണ്ടി നിര്‍മ്മാതാക്കള്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി തേടി. മരുന്നു നിര്‍മ്മാതാക്കളായ സെഡസ് കാഡിലയാണ് അനുമതി തേടിയത്. 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്കാന് കഴിയുന്നതാണ് വാക്സിന് ആണ് ഇതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
വാക്സിൻ്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായതിനെ തുടർന്നാണ് അനുമതി തേടിയത്. ഡിഎന്‍എ കോവിഡ് വാക്സിന് ആയ സൈക്കോവ്-ഡി, വൈറസ് തകര്‍ക്കാനിടയുള്ള ശരീരത്തിലെ പ്രതിരോധ സംവിധാനം ഉത്തേജിപ്പിക്കുന്നതിനുള്ള ജനിതകശാസ്ത്രം ഉള്‍ക്കൊള്ളുന്നതാണ്. രാജ്യം തദ്ദേശീയമായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വാക്സിന് ആണെങ്കിലും ലോകത്തെ ആദ്യ ഡിഎന്‍എ വാക്സിന് കൂടിയാണിത്.
സൈക്കോവ്-ഡി വാക്സിൻ മൂന്ന് ഡോസ് സ്വീകരിക്കണമെന്നന്നതാണ് പ്രത്യേകത. 28, 56 ദിവസങ്ങളിലാണ് രണ്ടും മൂന്നും ഡോസ് നല്‍കേണ്ടത്. ഇത് ചുരുക്കി രണ്ട് ഡോസാക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ.
അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്നാണ് സെഡസ് കാഡില സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിൻ്റെ നാഷണല്‍ ബയോഫാര്‍മ മിഷൻ്റെ പിന്തുണയോടെയാണ് വാക്സിന് വികസിപ്പിച്ചത്. രാജ്യത്ത് ഇതിനകം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെകിൻ്റെ കോവാക്സിന്, റഷ്യന്‍ സാങ്കേതിക വിദ്യയിലുള്ള സ്പുട്നിക് V എന്നിവയാണ് ഉപയോഗത്തിലുള്ളത്. മൊഡേണ വാക്സിന് അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം കേന്ദ്രം അനുമതി നല്‍കിയിരുന്നു.


