കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ബലാത്സംഗക്കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര സബ് കോടതി വെറുതെ വിട്ടു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പൂർണ്ണമായി കുറ്റവിമുക്തനായത് എൽദോസ് കുന്നപ്പിള്ളിക്കും കോൺഗ്രസ് ക്യാമ്പിനും വലിയ ആശ്വാസമായി.
കേസിന്റെ വഴിത്തിരിവ്
കേസിന്റെ സുപ്രധാന വിചാരണ ഘട്ടത്തിൽ പരാതിക്കാരിയായ യുവതിയടക്കം നാല് പ്രധാന സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതാണ് വിധിക്ക് നിർണായകമായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും മുൻപ് നൽകിയ മൊഴികൾ കടുത്ത മാനസിക സമ്മർദ്ദത്തിൽ സംഭവിച്ചുപോയതാണെന്നും അതിജീവിത കോടതിയിൽ തിരുത്തിപ്പറഞ്ഞു. തനിക്കെതിരെ യാതൊരുവിധ ലൈംഗിക അതിക്രമവും നടന്നിട്ടില്ലെന്ന് യുവതി കോടതിയെ ബോധ്യപ്പെടുത്തി.
അടച്ചിട്ട മുറിയിൽ നടന്ന വിസ്താരത്തിനിടെ പരാതിക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കേസ് മാറ്റിവെച്ച നാടകീയ രംഗങ്ങൾക്കും കോടതി സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ പ്രധാന വിസ്താരവേളയിൽ അതിജീവിത നിലപാട് മാറ്റിയതോടെ പ്രോസിക്യൂഷൻ പൂർണ്ണമായും പ്രതിരോധത്തിലായി. മറ്റ് ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ ഹാജരാക്കാൻ കഴിയാതെ വന്നതോടെയാണ് കോടതി എൽദോസിനെ വെറുതെ വിട്ടത്.
രാഷ്ട്രീയ ജീവിതത്തിന് കനത്ത വില
നിയമപരമായി പൂർണ്ണ വിജയം നേടിയെങ്കിലും രാഷ്ട്രീയമായി എൽദോസ് കുന്നപ്പിള്ളിക്ക് ഈ കേസ് വരുത്തിവെച്ച നഷ്ടം നികത്താനാകാത്തതാണ്. കേസിലെ പ്രതിപ്പട്ടികയും ജാമ്യവ്യവസ്ഥകളുടെ കടുംപിടുത്തവും നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇത്തവണ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ പെരുമ്പാവൂരിൽ മത്സരിക്കാനുള്ള അവസരം അദ്ദേഹത്തിന് പൂർണ്ണമായും നഷ്ടമായത്.
കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിന് അദ്ദേഹത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റിനിർത്തേണ്ടി വന്നു. കോടതി വിധിയിലൂടെ നിരപരാധിത്വം തെളിയിച്ചെങ്കിലും, ജനപ്രതിനിധിയായി വീണ്ടും നിയമസഭയിലെത്താനുള്ള സുവർണാവസരമാണ് ഒരു കേസ് മൂലം നഷ്ടമായത്.
പാർട്ടിയോടൊപ്പം നിന്ന പോരാളി ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിലും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും എൽദോസ് കുന്നപ്പിള്ളിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. നിയമവ്യവസ്ഥയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് നിയമപോരാട്ടം നടത്തിയ അദ്ദേഹം, പാർട്ടി തീരുമാനങ്ങൾ അക്ഷരംപ്രതി അനുസരിച്ചു. പെരുമ്പാവൂരിൽ പകരം വന്ന സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
കോടതി കുറ്റവിമുക്തനാക്കിയതോടെ എൽദോസ് കുന്നപ്പിള്ളിയുടെ രാഷ്ട്രീയ തിരിച്ചുവരവിന് കോൺഗ്രസ് ക്യാമ്പിൽ പ്രതീക്ഷയേറുകയാണ്. നിയമത്തിന്റെ മുന്നിൽ സത്യം തെളിയിച്ച നേതാവിന് പാർട്ടി അർഹമായ പരിഗണന നൽകുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ. ഒരു കേസിന്റെ പേരിൽ രാഷ്ട്രീയ ഭാവി തുലാസിലായ നേതാവിന്റെ പോരാട്ടവീര്യത്തിന് കോടതി വിധി പുതുജീവൻ നൽകിയിരിക്കുകയാണ്.


