ആലപ്പുഴ: നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്. കേസിനു പിന്നിൽ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താൻ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കെട്ടിച്ചമച്ച കേസാണെന്നുമാണ് പ്രതികളുടെ വാദം. എസ്ഐടി വന്നത് യുഡിഎഫ് അധികാരത്തിൽ എത്തിയ ശേഷമാണ്. അറസ്റ്റ് ചെയ്താൽ അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുസമൂഹത്തിൽ അപമാനിതരാകുമെന്നും ജാമ്യാപേക്ഷയിലുണ്ട്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി വർഗീസ് ആണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.
അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ വകുപ്പ് തല നടപടി ഇന്നുണ്ടായേക്കും. അഞ്ച് പൊലീസുകാരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് സാധ്യത. ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവർക്കെതിരെയാണ് നടപടിയുണ്ടാകുക.


