തിരുവനന്തപുരം കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകി, നേതൃത്വത്തിനെതിരെ തലസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍ എത്തി. ഇന്ദിരാഭവനുമുന്നില്‍ അടക്കം പോസ്റ്ററുകളുണ്ട്. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്നും കേരളത്തിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യപെട്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപെട്ടിട്ടുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അന്നൊക്കെ പേരില്ലാ ബോര്‍ഡുകള്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നവജീവന്‍ മൂവ്മെന്റ് എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയെയും കോണ്‍ഗ്രസിനെയും രക്ഷിക്കാന്‍ രാഹുല്‍ അധ്യക്ഷനാകണമെന്നും കേരളത്തിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നുമാണ് ബോര്‍ഡില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തില്‍ വ്യാപകമായി ഫ്ളക്സ് ബോര്‍ഡുകളും വച്ചിട്ടുണ്ട്. ഗാന്ധിജി പോരാടി, നെഹ്രു പടുത്തുയര്‍ത്തിയ, ഇന്ദിരയും, രാജീവും പരിശ്രമിച്ച ആധുനിക ഇന്ത്യയെ രക്ഷിക്കാനും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ രക്ഷിക്കാനും രാഹുല്‍ വരണം എന്നാണ് ബോര്‍ഡുകളിലെ ആവശ്യം. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ചു അന്വേഷിക്കാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തില്‍ ഇന്ന് എത്തിയതിനു പിന്നാലെ ആണ് നഗരത്തില്‍ ഇംഗ്ലീഷിലും, ഹിന്ദിയിലും ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്.


