എറണാകുളം കണ്ടൈനര്‍ റോഡില്‍ സമരം ചെയ്ത അമ്മയുടെയും മക്കളുടെയും പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം. കുട്ടികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. സ്ഥിരമായൊരു താമസ സൗകര്യം ഒരുങ്ങുന്നത് വരെ കുടുംബത്തിന്റെ താമസവുമായി ബന്ധപ്പെട്ട ചിലവുകള്‍ ലയണ്‍സ് ക്ലബ് വഹിക്കും.
മക്കളുടെ ചികിത്സാ ചെലവുകള്‍ക്കായി അമ്മയുടെ ശരീര അവയവങ്ങള്‍ വില്‍പ്പനക്ക് എന്ന് ബോര്‍ഡ് സ്ഥാപിച്ചായിരുന്നു അമ്മയും അഞ്ചു മക്കളും എറണാകുളം കണ്ടൈനര്‍ റോഡില്‍ സമരം നടത്തിയത്. അഞ്ച് മക്കളില്‍ നാല് മക്കള്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരായതിനാല് ചികിത്സിക്കാന്‍ പണമില്ലാതായതും താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടതുമാണ് ഇങ്ങനെയൊരു തീരുമാനത്തിന് കാരണമെന്ന് അമ്മ പറയുന്നു.
വിഷയം വാര്‍ത്തയായതോടെ ഇന്ന് രാവിലെ പത്തരയോടെ കുടുംബത്തെ മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അമ്മയുമായി ഫോണില്‍ നേരിട്ട് സംസാരിച്ച ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്കി. വാടക ലയണ്‍സ് ക്ലബ്ബ് ഏറ്റെടുക്കുമെന്ന ഉറപ്പില്‍ വാടക വീട്ടിലേക്ക് മാറാന്‍ ശാന്തി സമ്മതിച്ചു. ഇതോടെ, പ്രശ്നത്തിന് പരിഹരമായി.
കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും കുടില്‍ കെട്ടി സമരം ചെയ്തത്. മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ പാടുപെടുന്നതിനിടയിലാണ് വരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടി വന്നത്. ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്തത്.
മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസത്രക്രിയ വേണ്ടി വന്നത്. ഹൃദയം അടക്കമുള്ള അവയവങ്ങളാണ് ഇവര്‍ വില്പനയ്ക്ക് വച്ചത്. ഇന്നലെ മുതലാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്പനയ്ക്ക് എന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് വീട്ടമ്മ നില്ക്കാന് തുടങ്ങിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോര്‍ഡ്. ബന്ധപ്പെടേണ്ട നമ്പറും ഈ ബോര്‍ഡില്‍ വിശദമാക്കുന്ന ബോര്‍ഡുമായാണ് വീട്ടമ്മ സമരം ചെയ്തത്.


