കൊച്ചി: സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി-20 പാർട്ടി വിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ എൻഡിഎ പിന്തുണയോടെ ട്വന്റി-20 സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം, പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് പടിയിറങ്ങിയത്. പാർട്ടിയിൽ യാതൊരുവിധ പ്രവർത്തന സ്വാതന്ത്ര്യവുമില്ലെന്നും, അതിനാൽ മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റി-20 എന്നത് സാബു എം ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ള ഒരു പാർട്ടിയാണെന്ന് അഖിൽ മാരാർ കുറ്റപ്പെടുത്തി. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെടുമ്പോൾ പാർട്ടി നേതൃത്വം മൗനം പാലിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാബു എം ജേക്കബ് ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.കൊട്ടാരക്കര സീറ്റ് നൽകാമെന്ന് ഉറപ്പുനൽകിയാണ് തന്നെ ട്വന്റി-20യിലേക്ക് കൊണ്ടുവന്നതെന്ന് അഖിൽ മാരാർ വെളിപ്പെടുത്തി. പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതിന് ശേഷമാണ് തൃക്കാക്കരയിൽ സ്ഥാനാർഥിയാക്കിയത്. തൃക്കാക്കരയിൽ പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലായിരുന്നുവെന്നും, പ്രചാരണത്തിന് ഇറങ്ങാൻ പോലും ആളുകളില്ലാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു എൻഡിഎ ഘടകകക്ഷിയായ ട്വന്റി-20യിൽ അഖിൽ മാരാർ അംഗത്വമെടുത്തത്.


