വിവാദങ്ങളിൽ പ്രതികരിച്ച് നടിയും അവതാരികയുമായ പേളി മാണി . വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആരുടെയും പോരാട്ടത്തെ ചെറുതാക്കി കണ്ടിട്ടില്ലെന്നും പേളി മാണി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് 21 മിനിറ്റ് ദൈഘ്യമുള്ള വീഡിയോ പേളി വിശദീകരണം നൽകിയത്.
വിദ്യാർഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങൾ കണ്ട് ഭയന്നാണ് പോസ്റ്റ് പങ്കുവെച്ചതെന്ന് പേളി പറഞ്ഞു. വിദ്യാർഥികൾക്ക് തുല്യനീതിയും സുതാര്യമായ വിദ്യാഭ്യാസ രീതിയും ഉറപ്പാക്കണം. എന്നാൽ ഏതൊരു പോരാട്ടത്തേക്കാളും വലുതാണ് ജീവൻ. സുരക്ഷിതരായിരിക്കുക എന്ന ഉദ്ദേശത്തിലാണ് പോസ്റ്റ് ഇട്ടത്.
‘FAILED സംവിധായകൻ’ എന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയെക്കുറിച്ചും, ജോ സിബി മലയിൽ ഉയർത്തിയ വിമർശനങ്ങളെക്കുറിച്ചും പേളി സംസാരിച്ചു. അദ്ദേഹത്തെ അങ്ങിനെ വിളിക്കാൻ പാടിലായിരുന്നു , മാപ്പ് ചോദിക്കുകയാണ്. കാരണം അതില്‍ ഞാന്‍ എഴുതിയ ഒരു കാര്യം വലിയ തെറ്റായിരുന്നു. നിമിഷങ്ങള്‍ക്ക് ശേഷം ഞാനത് ഡിലീറ്റ് ചെയ്തു. അത് തെറ്റാണെന്ന് എനിക്കറിയാം. സ്ക്രീന്‍ ഷോട്ട് പോകുമെന്നും എനിക്കറിയാമായിരുന്നു. പക്ഷെ എനിക്ക് തന്നെ അതിനോട് യോജിപ്പില്ല. അതിനാല്‍ ഡിലീറ്റ് ചെയ്തിരുന്നു.
സിബി മലയിലിനെ ഉദ്ദേശിച്ചല്ല ആ പരാമർശമെന്നും, അദ്ദേഹത്തോട് മാപ്പ് പറയുന്നതായും താരം വ്യക്തമാക്കി.ജോ സിബി മലയിൽ തന്റെ സ്റ്റോറി സിബി മലയിലിനെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞത് തനിക്ക് വലിയ ഞെട്ടലുണ്ടാക്കി. അദ്ദേഹത്തിന്റെ അച്ഛൻ സിബി മലയിൽ മലയാള സിനിമയിലെ ഒരു ഐക്കോണിക് സംവിധായകനാണ്. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാൻ. അദ്ദേഹത്തെ കുറിച്ച് അങ്ങനെ പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. അത് കേട്ടപ്പോൾ എനിക്ക് വളരെ വേദന തോന്നി. പറയാത്ത കാര്യങ്ങൾ പോലും പറഞ്ഞതായി വ്യാഖ്യാനിച്ചു വെന്നും പേളി കൂട്ടിച്ചേർത്തു.


