മൂവാറ്റുപുഴ: ഉന്നതരിടപെട്ടു, മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവന്ന ആയിരങ്ങള്‍ക്ക് ആശ്വാസമായിരുന്ന വന്ധ്യതാ നിവാരണ ക്ലിനിക്ക് പൂട്ടിയതോടെ രോഗികള്‍ ദുരിതത്തിലായി. ഇന്ന് രാവിലെ മുന്‍കൂട്ടി ചീട്ടു ബുക്ക് ചെയ്ത് അന്യദേശത്ത് നിന്നുപോലും ചികിത്സക്കെത്തിയ രോഗികളാണ് അധികൃതരുടെ നീക്കത്തില്‍ വലഞ്ഞത്. നേരത്തെ സര്‍ക്കാരിന്റെ വന്ധ്യതാ നിവാരണ പ്രൊജക്ട് മൂവാറ്റുപുഴയില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പരിമിതമായ ചിക്തസകളാണ് ഇവിടെ നടന്നു വന്നിരുന്നത്. അതാണ് ഇന്ന് മുതല്‍ നിര്‍ത്തിയത്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ദിവസേന ഇവിടെ ചികിത്സ തേടി നൂറുകണക്കിനാളുകളാണ് എത്തിയിരുന്നത്.
നൂറുകുഞ്ഞുങ്ങളുടെ സംഗമത്തിനെത്തിയവര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷാ ശശിധരനും മറ്റ് വിശിഷ്ടാഥിതികള്ക്കൊപ്പവും..⇓
വന്ധ്യതാ നിവാരണ ചികിത്സാ പ്രൊജക്ടുകള്‍ ജില്ലാ ആശുപത്രികളിലേക്ക് മാറ്റിയതായി രാവിലെ എത്തിയ രോഗികളെ ആശുപത്രി സൂപ്രണ്ട് അറിയിക്കുകയായിരുന്നു. ഇതോടെ രോഗികളില്‍ പലരും കരച്ചിലായി. കേരളത്തില്‍ തന്നെ സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവന്ന ഏറ്റവും മികച്ച ആശുപത്രിയാണ് മൂവാറ്റുപുഴയിലേത്. അടുത്തിടെ ഇവിടെ നടത്തിയ കുടുംബ സംഘമത്തില്‍ കുട്ടികളുമായി നൂറോളം കുടുംബങ്ങളാണ് പങ്കെടുത്തത്. ഇവിടെ വന്ധ്യതാ ചികിത്സ നിര്‍ത്തിയതോടെ കുട്ടികളില്ലാത്ത നൂറുകണക്കിന് സാധാരണക്കാര്‍ പ്രതിസന്ധിയിലായി ഒപ്പം തുടര്‍ ചികിത്സകളും അവതാളത്തിലായി. ആശുപത്രിയില്‍ സ്ഥിരമായി വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടങ്ങണമെന്ന് റിആക്ട് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


