മൂവാറ്റുപുഴ: മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ പേരക്കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനെത്തിയ വയോധിക മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന 2 പേരക്കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപെടുത്തി. നഗരസഭ പതിനൊന്നാം വാര്‍ഡിലെ രണ്ടാര്‍കരയില്‍ നെടിയാന്‍മല കടവിലാണ് വയോധിക മുങ്ങിമരിച്ചത്. കിഴക്കേകുടിയില്‍ ആമിന (60) മരണമടഞ്ഞത്.
പേരക്കുട്ടികളായ ഫര്‍ഹ ഫാത്തിമ (12), ഹന ഫാത്തിമ (10) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
പേരക്കുട്ടികള്‍ക്കൊപ്പം പുഴയില്‍ തുണി കഴുകുന്നതിനും, കുളിക്കുന്നതിനും ആയി പോയപ്പോഴാണ് അപകടം സംഭവിച്ചത്. പേരക്കുട്ടികളെ രണ്ടുപേരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം തുടര്‍ ചികിത്സകള്‍ ആവശ്യമായി വന്നതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്ഥിരമായി ഈ കടവില്‍ കുളിക്കുവാന്‍ എത്തുന്നവരാണ് ഇവര്‍. എങ്ങനെയാണ് അപകടമുണ്ടായത് എന്നത് വ്യക്തമല്ല.
ആമിനയുടെ മൃതദേഹം മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുഴയില്‍ രണ്ടു പേര് അപകടത്തില്‍പെട്ടു എന്ന് പ്രദേശവാസികളായ സ്ത്രീകള്‍ അറിയിച്ചതോടെ തൊട്ടടുത്ത് പെയിന്റിംഗില്‍ ഏര്പ്പെട്ടിരുന്നവരെത്തിയാണ് വേഗത്തില്‍ ആമിനയെയും ഒരു പേരക്കുട്ടിയെയും ആദ്യം ആശുപത്രിയിലെത്തിച്ചത്. രക്ഷിച്ചവര്‍ക്ക് മൂന്നാമതൊരാള്‍ കൂടി ഉണ്ട് എന്നുള്ള വിവരം അറിവില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്സ് എത്തിയാണ് മറ്റൊരാളെ കൂടി വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.


