മൂവാറ്റുപുഴ: വാഹന അപകടത്തില്‍ മരിച്ച നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയുടെ സംസ്കാരം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നടത്തി. വൈകിട്ട് നാലുമണിയോടെ മൂവാറ്റുപുഴ പൊതുസ്മശാനത്തിലായിരുന്നു സംസ്കാരം.
നമിതയുടെ മൃതദേഹം രാവിലെ പൊതുദര്‍ശനത്തിന് എത്തിച്ചതോടെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് നിര്‍മല കോളേജ് കാമ്പസ് സാക്ഷ്യംവഹിച്ചത്. നിരവധി വിദ്യാര്‍ഥിനികളാണ് സഹപാഠിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വ്യാഴാഴ്ച കോളേജിലെത്തിയത്. പ്രിയപ്പെട്ട കൂട്ടുകാരിയുടെ ചേതനയറ്റശരീരം കണ്ട് സഹപാഠികളില്‍ പലരും പൊട്ടിക്കരഞ്ഞു. കോളേജിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വാളകത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
വാളകം കുന്നയ്ക്കാല്‍ വടക്കേ പുഷ്പകം വീട്ടില്‍ രഘുവിന്റെയും ഗിരിജയുടെയും മകളാണ് നമിത. മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആര്. നന്ദിത സഹോദരിയാണ്. വിദ്യാര്‍ഥിനിയുടെ മരണത്തെത്തുടര്‍ന്ന് വ്യാഴാഴ്ച നിര്‍മല കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നു.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ മൂവാറ്റുപുഴ നിര്‍മല കോളേജിന് മുന്നില്‍വെച്ചാണ് അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് അതേ കോളേജിലെ ബി.കോം വിദ്യാര്‍ഥിനിയായ ആര്. നമിത(20) മരിച്ചത്. അപകടത്തില്‍ നമിതയ്ക്കൊപ്പമുണ്ടായിരുന്ന അനുശ്രീരാജ് എന്ന വിദ്യാര്‍ഥിനിക്കും പരിക്കേറ്റിരുന്നു. അനുശ്രീ ചികിത്സയിലാണ്.
കോളേജില്‍നിന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനികള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ആന്‍സണ്‍ റോയ് അമിതവേഗത്തില്‍ ബൈക്കിലെത്തി ഇവരെ ഇടിച്ചിട്ടത്. അപകടത്തിന് മുന്‍പ് ആന്‍സണ്‍ റോയ് ബൈക്കുമായി കോളേജിന് മുന്നില്‍ ചുറ്റിക്കറങ്ങിയിരുന്നു. കോളേജിന് മുന്നില്‍വെച്ച് ബൈക്ക് ഇരപ്പിച്ചതോടെ വിദ്യാര്‍ഥികള്‍ ഇത് ചോദ്യംചെയ്യുകയും തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അമിതവേഗത്തില്‍ ബൈക്കിലെത്തിയ ഇയാള്‍ വിദ്യാര്‍ഥിനികളെ ഇടിച്ചിട്ടത്. ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങിക്കിടന്ന നമിതയെയും കൊണ്ട് നൂറുമീറ്ററോളം ബൈക്ക് പാഞ്ഞു. പിന്നീട് നമിത റോഡില്‍ തലയിടിച്ച് വീണു. അനുശ്രീ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍ ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ റോയി(22)ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് നല്‍കുന്നവിവരം. പ്രതിക്കെതിരേ കൂടുതല്‍ വകുപ്പുകളും ചുമത്തും.
ആന്‍സണ്‍ റോയി ലഹരിക്കേസ് ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. വധശ്രമക്കേസും ഇയാള്‍ക്കെതിരേയുണ്ട്. കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇയാളുടെ പേരുണ്ടെന്നും പോലീസുകാര്‍ പറയുന്നു.


