തിരുവനന്തപുരം: സമുദായ നേതാക്കളുടെ ‘തിണ്ണനിരങ്ങാൻ പോകരുതെന്ന്’ താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാൽ അത്തരം ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായതിന് ശേഷം ബിഷപ്പ് ഹൗസ് സന്ദർശിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
ഔദ്യോഗിക പദവികളിലിരിക്കുമ്പോൾ എല്ലാവരോടും ക്ഷമിക്കാൻ കഴിയണമെന്നും എല്ലാവരുമായും നല്ല ബന്ധം പുലർത്തണമെന്നും ഓർമ്മിപ്പിച്ചു. ആര് വർഗ്ഗീയത പറഞ്ഞാലും അതിശക്തമായി എതിർക്കുന്ന വ്യക്തമായ മതേതര നിലപാടാണ് തന്റേത്. കൂടാതെ സൈബർ ഇടങ്ങളിൽ വനിതാ മാധ്യമപ്രവർത്തകർ കടുത്ത രീതിയിൽ അധിക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതിനെതിരെയും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.


