പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്സോ കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കനത്ത ശിക്ഷ വിധിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചില വകുപ്പുകളില്‍ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന ഉത്തരവ് പ്രകാരം 67 വര്‍ഷമാവും പ്രതിയുടെ ശിക്ഷാ കാലയളവ്.
കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി പിതാവിനോടൊപ്പം സ്വഭവനത്തില്‍ താമസിച്ചു വരവേയാണ് കുറ്റകൃത്യം നടന്നത്. പിതാവിന്റെ അക്രമങ്ങളെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനു ശേഷമാണ് ഇയ്യാള് കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ക്രൂരമായ പീഢനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്.
സ്കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയും പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഢനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാല്‍ പ്രതി പരോള്‍ പോലും അര്‍ഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയില്‍ പറഞ്ഞു.


