വിവാഹിതനാണെന്ന് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാന്‍ ഹര്‍ജി നല്കിയ യുവാവിന് ഹൈക്കോടതിയുടെ പിഴ. തിരുവനന്തപുരം സ്വദേശി എച്ച് ഷമീറിനാണ് കോടതി 25,000 രൂപ പിഴ ചുമത്തിയത്. വീട്ടുകാര്‍ തടവിലാക്കിയ കാമുകിയെ വിട്ടുകിട്ടാന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് യുവാവ് നല്‍കിയത്.
ഷമീറിന്റെ കാമുകിയായ നെയ്യാറ്റിന്‍കര സ്വദേശി അഞ്ജനയെ വീട്ടുകാര്‍ തടവിലാക്കിയിരിക്കുകയാണെന്നും വിട്ടു കിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കോടതി ഹര്‍ജി പരിഗണിച്ചതിന് ശേഷമാണ് താന്‍ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം അശ്വതി എന്ന യുവതിയെ വിവാഹം ചെയ്തിരുന്നുവെന്നും ഇവര്‍ നല്കിയ വിവാഹ മോചന ഹര്‍ജിയില്‍ കുടുംബ കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഷമീര്‍ അറിയിച്ചത്. താന്‍ വിവാഹ മോചനത്തിനുളള സമ്മതം അറിയിച്ചതായും വിവാഹ മോചനം അനുവദിച്ചു കൊണ്ടുളള വിധി ഉടന്‍ ഉണ്ടാകുമെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഹര്‍ജിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല എന്ന് നിരീക്ഷിച്ച കോടതി ഷമീറിന് പിഴ ചുമത്തുകയായിരുന്നു. കൂടാതെ വിവരങ്ങള്‍ മറച്ചുവെച്ചതിന് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതോടെ കോടതിയോട് മാപ്പ് ചോദിച്ച ഷമീര്‍ പിഴയടക്കാമെന്ന് അറിയിച്ചു.
പിന്നാലെ ഷമിറിന്റെ പെണ്‍സുഹൃത്തിനെയും കോടതി വിസ്തരിച്ചു. ഷമീറിനൊപ്പം ജീവിക്കാനാണ് താല്പര്യമെന്നും കുടുംബം തന്നെ തടവിലാക്കിയെന്നും പെണ്‍സുഹൃത്തും വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയെ അറിയിച്ചു.
വിവരങ്ങള്‍ മറച്ചുവെച്ചതിന് ഹര്‍ജി തളേളണ്ടതാണെന്നും എന്നാല്‍ ഹര്‍ജിയുടെ സ്വഭാവം കണക്കിലെടുത്താണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു. മാത്രമല്ല ഒരാഴ്ചക്കകം പിഴ അടച്ചില്ലെങ്കില്‍ ഹര്‍ജി തളളുമെന്നും കോടതി വ്യക്തമാക്കി. വിവാഹ മോചനക്കേസിന്റെ വിശദാംശങ്ങള്‍ ഒരാഴ്ചക്കുളളില്‍ അറിയിക്കാന്‍ കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. കേസ് ഒക്ടോബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.


