മൂവാറ്റുപുഴ : മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതിയായ മുറിക്കല്ല് ബൈപ്പാസിന്റെ നിർമ്മാണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
മുറിക്കല്ല് ബൈപ്പാസ് എന്ന മൂവാറ്റുപുഴയുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്നും, തിരഞ്ഞെടുപ്പ് കാലത്ത് മൂവാറ്റുപുഴയിലെ ജനങ്ങൾ മുന്നോട്ടുവെച്ചത് മൂവാറ്റുപുഴ നഗരവികസനവും, മുറിക്കല്ല് ബൈപ്പാസും, കെഎസ്ആർടിസി ബസ്റ്റാൻഡ് നവീകരണവും എന്നതായിരുന്നു. അന്നുമുതൽ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ ഉള്ള അതീവപരിശ്രമത്തിൽ ആയിരുന്നു എന്നും അവ സാധ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും എംഎൽഎ പറഞ്ഞു.
മൂവാറ്റുപുഴയുടെ ചരിത്രത്തിൽ സമീപകാലത്ത് ഒന്നുമുണ്ടായിട്ടില്ലാത്ത വികസനത്തിനാണ് മൂവാറ്റുപുഴ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. മൂവാറ്റുപുഴയുടെ മുഖച്ഛായ തന്നെ മാറ്റുന്ന മൂവാറ്റുപുഴ നഗര വികസനം, ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം, മുറിക്കല്ല് ബൈപ്പാസ്, കെഎസ്ആർടിസി ബസ് ഡിപ്പോ എന്നീ നാല് ബൃഹത് പദ്ധതികൾ ആണ് പൂർത്തീകരണത്തിലേക്ക് നീങ്ങുന്നത്. ഈ സർക്കാരിന്റെ അഴിമതികളെ തുറന്നു കാട്ടുമ്പോൾ തന്നെ മൂവാറ്റുപുഴയ്ക്ക് വേണ്ട വികസനം നേടിയെടുക്കുക എന്നത് ഒട്ടും എളുപ്പമായ ഒന്നായിരുന്നില്ല എന്നും എന്നാൽ കഠിന പ്രയത്നത്തിലൂടെയും ജനങ്ങളുടെ ശക്തമായ പിന്തുണയിലൂടെയും ഇന്ന് നമ്മൾ അത് നേടിയെടുത്തു എന്നും വികസനത്തിന്റെ കാര്യത്തിൽ തലയെടുപ്പോടെ തന്നെ മൂവാറ്റുപുഴ മുന്നോട്ടുപോകുമെന്നും എംഎൽഎ പറഞ്ഞു.
മുറിക്കല്ല് ബൈപ്പാസിന്റെ പഴയ ഡിപിആറിലും ഡിസൈനിലും സമ്പൂർണ്ണ മാറ്റം വരുത്തിക്കൊണ്ട് അത്യാധുനികരീതിയിൽ വളവുകൾ നിവർത്തിയും, നിലവിലെ പാലത്തിന് സമാന്തരമായ പാലം നിർമ്മിച്ച് നാലുവരി ആക്കിയും, നീരൊഴുക്കുകൾ തടസ്സപ്പെടാതിരിക്കാൻ ലാൻഡ് സ്പാനുകളും കൾവേർട്ടുകളും ഉൾപ്പെടുത്തിയും ആണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.
മുൻപ് 59.98 കോടി രൂപ ആകെത്തുക വകയിരുത്തിയിരുന്ന മുറിക്കല്ല് ബൈപ്പാസ് പ്രോജക്ട് സമ്പൂർണ്ണമായ ഡിപിആർ ഭേദഗതിയോടെ 117 കോടി രൂപയായി ഉയർത്തിയാണ് ഇപ്പോൾ ടെൻഡർ ആയിരിക്കുന്നത്.
മുറിക്കൽ ബൈപ്പാസ് പൂർത്തീകരിക്കുക എന്നതിനപ്പുറം ദീർഘവീക്ഷണത്തോടെ വരുംകാലങ്ങളിലെ വികസനം കൂടി മുൻകൂട്ടി കണ്ടുകൊണ്ട് നാടിനു മുതൽക്കൂട്ടാവുന്ന രീതിയിൽ വേണം പൂർത്തീകരിക്കാൻ എന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നതായും അതുകാരണമാണ് കുറച്ച് കാലതാമസം നേരിടേണ്ടി വരുമെന്ന് ബോധ്യമുണ്ടായിട്ടും ഡിപിആറിലും ഡിസൈനിലും കാതലായ മാറ്റങ്ങൾ വരുത്താൻ പരിശ്രമിച്ചതെന്നും അവ സാധ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു എന്നും എംഎൽഎ പറഞ്ഞു.
ഊരാളുങ്കൽ എഗ്രിമെന്റ് വെക്കുന്ന തോടുകൂടി കഴിവതും വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും എംഎൽഎ പറഞ്ഞു.