ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറില്‍ മാറ്റം വരുത്തി പൊലീസ്. വധശ്രമം (307) കൂടി ചേര്‍ത്തു. ജിഷ്ണുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്നത് അടക്കം കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായ സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്. കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളായിരുന്നു ആദ്യം പൊലീസ് എഫ്ഐആറില്‍ ചേര്‍ത്തിരുന്നത്.
ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസിലെ കൂടുതല്‍ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒളിവില്‍ കഴിയുന്ന എസ്ഡിപിഐ നേതാക്കളില്‍ ഒരാളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
കേസില്‍ ഇതുവരെ ആറ് പേര് അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഒളിവില്‍ പോയ എസ്ഡിപിഐ പ്രവര്‍ത്തകരെ പിടികൂടുക ശ്രമകരമാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. അതേസമയം, കേസില്‍ പൊലീസ്- എസ്ഡിപിഐ അന്തര്‍ധാരയുണ്ടെന്നാണ് ലീഗ് ആരോപിക്കുന്നത്. സ്വന്തം പ്രവര്ത്തകന് തന്നെ കേസില്‍ അറസ്റ്റിലായതോടെ, ഡിവൈഎഫ്ഐ നേതൃത്വം വലിയ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ജിഷ്ണുവിന് നേരെ നടന്നത് ബോധപൂര്‍വ്വമായ, എസ്ഡിപിഐ- ലീഗ് ആക്രമണാണെന്ന് ഡിവൈഎഫ്ഐ ആവര്‍ത്തിക്കുന്നു.
പ്രധാന പ്രതികളെ മൂന്ന് ദിവസം കഴിയുമ്പോഴും പിടികൂടാത്തതില്‍ വലിയ വിമര്‍ശനമാണ് പൊലീസിന് നേരിടുന്നത്. പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.


