പതിമ്മൂന്ന് വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍, തെറ്റിദ്ധരിക്കപ്പെടുകയെന്നത് എനിക്കൊരു ശീലമായിരിക്കുന്നു. ഒരുപക്ഷേ, ആശയപരമായി എതിര്‍പക്ഷത്തുനില്‍ക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന എന്തിനെയും കണ്ണടച്ച് എതിര്‍ക്കുകയെന്ന രാഷ്ട്രീയാചാരം പഠിക്കാത്തതിലും ബദ്ധശത്രുക്കളില്‍നിന്നുപോലും സമവായം തേടുന്ന ഐക്യരാഷ്ട്രസഭയിലെ 29 വര്‍ഷത്തെ അനുഭവത്തില്‍നിന്നും ഉണ്ടായതാകണം അത്.
ഒരു കോണ്‍ഗ്രസുകാരനായ ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അതി ഉദാരത പുലര്‍ത്തുകയാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന രണ്ടുസംഭവങ്ങളാണ് ഏറ്റവും ഒടുവിലത്തേത്. കെ-റെയിലിനെ എതിര്‍ത്ത് കേരളത്തിലെ യു.ഡി.എഫ്. എം.പി.മാര്‍ റെയില്‍വേ മന്ത്രിക്കയച്ച കത്തില്‍ ഞാന്‍ ഒപ്പിട്ടില്ലെന്നതാണ് ആദ്യത്തെ സംഭവം. ഇത് വലിയ ഊഹാപോഹങ്ങളിലേക്കാണ് നയിച്ചത്. എന്റെ മണ്ഡലമായ തിരുവനന്തപുരത്ത് കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളിന്റെ ഉദ്ഘാടനവേളയില്‍ സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപകരെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള എന്റെ വാക്കുകളും കെ-റെയിലുമായി ചേര്‍ത്ത് വായിക്കപ്പെട്ടു.
പഠിച്ച ശേഷം മാത്രം തീരുമാനം:
ഇവിടെ സംഭവിച്ചതെന്താണെന്ന് വ്യക്തമായിപ്പറയാം. തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈ-സ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതിയുമായും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് തോന്നിയതിനാലാണ് കത്തില്‍ (അതിന്റെ ഉള്ളടക്കം എന്താണെന്ന് എന്നെ കാണിച്ചിട്ടുമുണ്ടായിരുന്നില്ല) ഒപ്പുവെക്കാതിരുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ച് നിര്‍ണായകമായ പദ്ധതിയെക്കുറിച്ച് നന്നായി പഠിച്ചാല്‍ മാത്രമേ അക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാനാകൂ. ഒരു കാര്യം വ്യക്തമായി പറയാനാഗ്രഹിക്കുന്നു, നിവേദനത്തില്‍ ഒപ്പിട്ടില്ല എന്നതിനര്‍ഥം ഞാന്‍ ആ പദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്നല്ല. മറിച്ച് നിലപാട് പരസ്യമാക്കുന്നതിനുമുമ്പ് അതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സമയമാവശ്യപ്പെടുന്നു എന്ന് മാത്രമാണ്.
എന്റെ സഹപ്രവര്‍ത്തകരായ യു.ഡി.എഫ്. എം.പി.മാര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ കെ-റെയില്‍ പദ്ധതി ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. സമൂഹത്തില്‍, പ്രത്യേകിച്ചും കുടിയൊഴിപ്പിക്കപ്പെടുന്ന പ്രദേശവാസികളുടെ കാര്യത്തില്‍ പദ്ധതിയുണ്ടാക്കുന്ന പ്രത്യാഘാതം. കഴിഞ്ഞവര്‍ഷങ്ങളിലായി സ്വതവേ ദുര്‍ബലമായ കേരളത്തിന്റെ പരിസ്ഥിതിയെ ഇതെങ്ങനെ ബാധിക്കും? പരിസ്ഥിതിലോല മേഖലകളില്‍ ഇതുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ? വന്‍ ചെലവുവരുന്ന ഈ പദ്ധതി സാമ്പത്തികമായി എത്രത്തോളം പ്രായോഗികമാണ്, പദ്ധതിയുടെ ഫണ്ടിങ്ങിനെക്കുറിച്ചും അത് കേരളത്തിലെ നികുതിദായകര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാക്കുന്ന ബാധ്യതയെക്കുറിച്ചും അടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുമോ? സമഗ്രമായ കൂടിയാലോചന വേണ്ട കാര്യങ്ങളാണിത്.
വിഷയങ്ങള്‍ക്ക് അനുസരിച്ചാകണം നിലപാടുകള്‍:
നമ്മുടെ രാഷ്ട്രീയം ഇത്രയേറെ സങ്കുചിതമാകാനുള്ളതല്ലെന്ന ബോധ്യമാണ് പ്രചരിച്ച അസംബന്ധങ്ങളില്‍ വിശദീകരണം നല്‍കാനുള്ള കാരണം. കറുപ്പും വെളുപ്പുമെന്ന രണ്ട് കള്ളികളില്‍മാത്രമാണ് മാധ്യമങ്ങള്‍ കാര്യങ്ങള്‍ കാണുന്നത്. ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ പ്രസിദ്ധമായ വാക്കുപോലെ ”നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ അതോ ഞങ്ങള്‍ക്കെതിരാണോ” എന്ന രീതിയിലാണ് മാധ്യമങ്ങള്‍ പോകുന്നത്. (യു.എസ്. മുന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ സമാനചോദ്യം നെഹ്രുവിനോട് ചോദിച്ചിരുന്നു: ”അതെ, നിങ്ങളോടു യോജിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്, നിങ്ങളോട് വിയോജിക്കുമ്പോള്‍ നിങ്ങള്‍ക്കെതിരേയും. അത് വിഷയങ്ങള്‍ക്കനുസരിച്ചാണ്” -ഇതായിരുന്നു നെഹ്രുവിന്റെ മറുപടി.) എന്നാല്‍, നെഹ്രുവിന്റെ നിലപാട് മാധ്യമങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. ഒന്നുകില്‍ മുഖ്യമന്ത്രിക്കൊപ്പം, അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിര് എന്നതാണ് അവരുടെ സമീപനം. മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലും നയങ്ങളിലും സ്വീകാര്യവും വിമര്‍ശനാത്മകവും നല്ലതോ ചീത്തയോ അല്ലാത്തതുമായ കാര്യങ്ങളുമുണ്ടാകുമെന്നത് നമ്മുടെ രാഷ്ട്രീയനിരീക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള കാര്യമാണ്.
രാഷ്ട്രീയത്തില്‍ ഭിന്നതകളുണ്ടെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കാനും വിഷയങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും നമ്മുടെ രാഷ്ട്രീയം അനുവദിക്കാത്തത് എന്തുകൊണ്ടാണ്? മറുഭാഗത്തുള്ളവര്‍ ശരിയായ കാര്യമാണ് പറയുന്നതെങ്കില്‍ അതിനെ അംഗീകരിച്ചുകൊണ്ട് നമ്മുടെ നിലവാരമുയര്‍ത്താനും അവരുടെ തുടര്‍ന്നുള്ള നടപടികള്‍ വിലയിരുത്താനും നമുക്ക് ആകാത്തതെന്തുകൊണ്ടാണ്? മറുപക്ഷത്തുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ആശയപരമായി കാണാനും കേള്‍ക്കാനും നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?
സ്വതന്ത്രചിന്ത തടയാന്‍ ആയുധം പാര്‍ട്ടി അച്ചടക്കം:
നമ്മുടെ രാഷ്ട്രീയം പുലര്‍ത്തുന്ന ഈ കാഴ്ചപ്പാടിനെ മാധ്യമങ്ങള്‍കൂടി ഊട്ടിയുറപ്പിക്കുന്നത് അതിനെ കൂടുതല്‍ ദുഷിപ്പിക്കുന്നു. ഒരു ഭാഗം ചെയ്യുന്നതെല്ലാം യാന്ത്രികമായി മറുഭാഗത്തിന് ദോഷവും അംഗീകരിക്കാനാകാത്തതുമാകുന്ന തരത്തിലേക്ക് ഇത് ജനാധിപത്യത്തെ തരംതാഴ്ത്തുന്നു.
യു.പി.എ. സര്‍ക്കാരാണ് നടപ്പാക്കിയതെന്നതുകൊണ്ട് തങ്ങള്‍തന്നെ പിന്തുണച്ചിട്ടുള്ള പല പദ്ധതികളെയും ബി.ജെ.പി. പിന്നീട് എതിര്‍ത്തു. എല്‍.ഡി.എഫ്. എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിര്‍ക്കുന്ന യു.ഡി.എഫും ഇതു തന്നെയാണ് ചെയ്യുന്നത്. വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയമെന്തെന്ന് ഇത് വ്യക്തമാക്കുന്നു.
ഇത് ന്യായമായ സംവാദത്തിന്റെ സാധ്യതയെപ്പോലും ഇല്ലാതാക്കുകയും തങ്ങളെപ്പോലെത്തന്നെ ചിന്തിക്കുന്നയാളുകളായി രാഷ്ട്രീയക്കാരെ കാണുന്നതില്‍നിന്ന് പൊതുജനങ്ങളെ അകറ്റുകയും ചെയ്യുന്നു. പകരം പാര്‍ട്ടിയുടെ അംഗീകാരത്താല്‍മാത്രം നിര്‍വചിക്കപ്പെടുന്ന സ്ഥായീരൂപത്തിലേക്ക് എല്ലാവരും തരംതാഴ്ത്തപ്പെടുന്നു. ആളുകള്‍ സ്വതന്ത്രമായി ചിന്തിക്കുന്നത് തടയാന്‍ ‘പാര്‍ട്ടി അച്ചടക്കം’ പ്രയോഗിക്കുന്നു.
ഇത് നമ്മുടെ ജനാധിപത്യത്തോട് വലിയ ദ്രോഹമാണ് ചെയ്യുന്നത്. നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍ പറഞ്ഞതുപോലെ ”ജനാധിപത്യമെന്നത് രാജ്യത്തിനാകെ ഗുണമേകുന്ന യുക്തിപരമായ ചിന്തയുടെ പ്രക്രിയയാകണം. തുടര്‍പ്രക്രിയയാകണം ജനാധിപത്യം. അവിടെ കൊടുക്കല്‍ വാങ്ങലുകളും സംവാദങ്ങളും ഭിന്നാശയങ്ങള്‍ തമ്മില്‍ വിട്ടുവീഴ്ചകളുമുണ്ടാകണം. അടിയും തിരിച്ചടിയുമെന്ന നിലയിലേക്ക് ജനാധിപത്യത്തെ തരംതാഴ്ത്തരുത്. പാവ്ലോവിന്റെ നായകളാകേണ്ടവരല്ല ജനാധിപത്യത്തിലെ രാഷ്ട്രീയക്കാര്‍.


