ഖുശ്ബു കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് ഖുശ്ബു രാജിവച്ചത്. താരം ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് നീക്കം.
അതേസമയം, ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തി. ഇന്ന് രാവിലെ ബിജെപി ദേശീയ അധ്യക്ഷന്റെ സാനിധ്യത്തില്‍ ആയിരിക്കും പ്രഖ്യാപനമെന്നാണ് കരുതുന്നത്.
എന്നാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നും ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലോകസഭ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന നടി ബിജെപി പാളയത്തില്‍ എത്തുമെന്ന് കുറെ നാളുകളായി പ്രചാരണം ഉണ്ടായിരുന്നു.
2014 ല്‍ കോണ്‍ഗ്രസിലെത്തിയ ഖുശ്ബു ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ശനിയാഴ്ചയിലെ ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചര്‍ച്ചയായത്. ഇക്കാലത്തിനിടയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള അര്‍ത്ഥത്തോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ഖുശ്ബു ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.


