വിദേശത്ത് നിന്ന് പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തില്‍ വന്‍ ആശയക്കുഴപ്പമാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒരു ഏകോപനവുമില്ല. ഓരോ കാര്യത്തിലും പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി വി.മുരളീധരനും സംസാരിക്കുന്നത്.
പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിന് മുന്‍പ് അവിടെ ടെസ്റ്റ് നടത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ആശങ്ക ഉണ്ടാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോവിഡ് ടെസ്റ്റ് നടത്തിയാണ് കൊണ്ടു വരുന്നതെന്നാണ് കേന്ദ്ര മന്ത്രി വി.മുരളീധരന് പറഞ്ഞത്.
പ്രവാസികളെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടു വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാരണം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളെ കൊണ്ടു വരും എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. 80,000 പ്രവാസികളെ മാത്രമേ കൊണ്ടു വരികയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും മടക്കിക്കൊണ്ടു വരുമെന്ന് കേന്ദ്ര മന്ത്രിയും പറയുന്നു.
മുന്‍ഗണനാ പട്ടികയില്‍ നിന്ന് പലരെയും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മരണമടഞ്ഞവരുടെ ബന്ധുക്കളെക്കൂടെ കൊണ്ടു വരുമെന്ന് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രിയും പറയുന്നു. 7 ദിവസത്തെ ക്വാറന്റയിനാണ് നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. അത് ഐ.സി.എം.ആര് തീരുമാനിക്കുമെന്ന് കേന്ദ്ര മന്ത്രിയും പറയുന്നു.
പ്രവാസ ലോകം വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ കേന്ദ്രവും സംസ്ഥാനവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. ജീവന് കയ്യില്‍ പിടിച്ച് ഭയവിഹ്വലരായി കഴിയുന്ന പ്രവാസികളെയും അവരെയോര്‍ത്ത് തീ തിന്നുന്ന ബന്ധുക്കളെയും കൂടുതല്‍ വേദനിപ്പിക്കുന്നതാണ് രണ്ടു സര്‍ക്കാരിന്റെയും ഈ നിലപാട്. പൂര്‍ണ്ണമായ ഏകോപനത്തോടെ രണ്ടു സര്‍ക്കാരുകളും പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത് പോലെ ഒന്ന് ഫോണ്‍ ചെയ്താലും തീര്‍ക്കാവുന്ന പ്രശ്നമല്ലേ ഉള്ളൂ. അതിന് പോലും തയ്യാറല്ല.
വിദേശത്ത് നിന്ന് പ്രവാസികളെ കൊണ്ടു വരുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. സംസ്ഥാനത്തെ വിശ്വാസത്തിലെടുത്ത് അവര്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കണമായിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ, ദുരന്ത മുഖത്തെങ്കിലും രണ്ടു കൂട്ടരും രാഷ്ടീയം കളിക്കുന്നത് ഒഴിവാക്കാമായിരുന്നു.
അത് പോലെ പ്രവാസികള്‍ മടങ്ങി വരുന്നതിന് വിമാനക്കൂലി നല്‍കണമെന്നാണ് നിബന്ധന. വിദേശത്തെ നമ്മുടെ എംബസികളില്‍ വെല്‍ഫയര്‍ ഫണ്ടില്‍ പണം വെറുതെ കിടക്കുകയാണ്. വിമാനടിക്കറ്റിന് അത് ഉപയോഗിക്കാമായിരുന്നു. എല്ലാവര്ക്കും കൊടുക്കണമെന്നല്ല. നിവൃത്തിയില്ലാത്തവര്‍ക്ക് ഇതില്‍ നിന്ന് പണം എടുത്ത് വിമാന ടിക്കറ്റ് നല്കാന് നടപടിയുണ്ടാകണം.
ഇത് വരെയുള്ള വിവരങ്ങള്‍ അനുസരിച്ച് കൊച്ചിയിലും കോഴിക്കോട്ടുമാണ് ഫ്ളൈറ്റുകള്‍ വരുന്നത് എന്നാണ് മനസിലാക്കുന്നത്. തിരുവനന്തപുരത്തേക്ക് വിമാനമില്ല. തിരുവനന്തപുരത്തേക്ക് പത്താം തീയതി ഖത്തറില്‍ നിന്നുള്ള ഫ്ളൈറ്റ് മാത്രമേ തിരുവനന്തപുരത്തേക്കുള്ളു. അത് പോരാ. ദൂബൈ അബുദാബി തുടങ്ങിയ ഇടങ്ങളില്‍ നിന്ന് കൂടി തിരുവനന്തപുരത്തേക്ക് ഫ്ളൈറ്റ് വേണം. കൊല്ലം തിരുവനന്തപുരം, കന്യാകുമാരി എന്നീ ജില്ലകളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്.
മുഖ്യമന്ത്രി വൈകുന്നേരത്തെ പത്ര സമ്മേളനത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഒരു വിശ്വാസ്യതയുമില്ലാത വന്നിരിക്കുന്നു. വൈകിട്ടത്തെ പത്രസമ്മേളനം കലാപരിപാടി പോലെ ആയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് പോകുന്ന ട്രെയിനുകള്‍ തിരികെ വരുമ്പോള്‍ മറുനാട്ടില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ എന്താണ് ബുദ്ധിമുട്ട്. ചില പോയിന്റുകള്‍ കൊുത്താല് മതി. ഡല്‍ഹി, ബാംഗ്ളൂര്‍ ഹൈദരാബാദ് എന്നിങ്ങിനെ. ഇത് സംസ്ഥാന സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതായിരുന്നു. ആകെ പത്തൊമ്പത് ട്രെയിനാണ് കേരളത്തില്‍ നിന്ന് ഇത് വരെ അതിഥി തൊഴിലാളികളെയും കൊണ്ടു പോയത്. തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് പന്ത്രണ്ട് ട്രെയിനും, പാലക്കാട് നിന്ന് ഏഴ് ട്രെയിനും. ഇവ മടങ്ങി വരുമ്പോള്‍ മലയാളികളെ മടക്കിക്കൊണ്ടു വരാം. റെയില്‍ വേ ബോര്‍ഡ് തന്നെ പറഞ്ഞിട്ടുണ്ട് കേരളം നേരത്തെ ട്രെയിന്‍ ആവശ്യപ്പെട്ടില്ലെന്ന്. എല്ലാവരും സ്വന്തം വാഹനത്തില്‍ വരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അത് അപ്രായോഗികമാണ്. എങ്ങിനെ അവര്‍ക്ക് വരാന്കഴിയുക?
കര്‍ണ്ണാടകത്തിലേക്ക് തമിഴ്നാട്ടിലേക്കും മറ്റും കേരളം ബസ് അയക്കണം. ഞാന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി എ.കെ. ശശീന്ദ്രനോട് ഇതിനെപ്പറ്റി സംസാരിച്ചു. അദ്ദഹം പറഞ്ഞു മുഖ്യമന്ത്രിയോട് സംസാരിച്ച് തിരിച്ച് വിളിക്കാം എന്ന്. ഇത് വരെ വിളിച്ചില്ല. ഇക്കാര്യത്തില്‍ ബസ് വിടാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോട് കൂടിയാണ് പറയുന്നത്. മറ്റു സംസ്ഥാനങ്ങള്‍ അവരുടെ ആളുകളെ കൊണ്ടുപോകാന്‍ ബസുകള്‍ അയച്ചു. നമ്മള് ഒന്നും ചെയ്യുന്നില്ല. അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സ്വന്തമായി വണ്ടി സംഘടിപ്പിച്ചാലും ഡ്രൈവര്‍മാരെ കിട്ടാനില്ലാത്തതിനാല്‍ വരാന്‍ പറ്റുന്നില്ല. ഞങ്ങള്‍ തന്നെ പലേടത്തും വണ്ടി സംഘടിപ്പിച്ചു നല്കി. പക്ഷേ ഡൈവര്‍മാര്‍ വരുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മടങ്ങി വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വച്ചിട്ടുള്ള നിബന്ധനകള്‍ പ്രായോഗികമല്ല. രണ്ടു സ്ഥലത്തേയും കളക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വേണം. അത് എങ്ങനെ കിട്ടാനാണ്? പല സ്ഥലത്തും കളക്റ്റര്‍മാരെ വിളിച്ചാലും അവര്‍ ഫോണ്‍ എടുക്കുക പോലുമില്ല. അത് കൊണ്ട് ആ കാര്യത്തില്‍ വൈകിയാണെങ്കിലും സര്‍ക്കാര്‍ പരിഹാരം ഉണ്ടാക്കണം.
ഇതര സംസ്ഥാന തൊഴിലാളികളെ മടക്കി കൊണ്ടു പോകുന്നതിന്റെ ടിക്കറ്റിനുള്ള പണം അവരുടെ കയ്യില്‍ നിന്നാണ് ഈടാക്കുന്നത്. രണ്ട് മാസമായി ജോലിയില്ലാതെ കഷ്ടപ്പെടുന്നവരുടെ കയ്യില്‍ നിന്നാണ് പണം ഈടാക്കുന്നത്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ടിക്കറ്റിനുള്ള പണം നല്‍കുന്നില്ല. കേന്ദ്രവും സംസ്ഥാനവും യാത്രക്കൂലി കൊടുക്കില്ലന്ന് നിലപാടെടുത്തപ്പോഴാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഡി സി സി കളോട് ടിക്കറ്റ് നിരക്കിനുള്ള പണം നല്കാന് പറഞ്ഞത്. അഞ്ചു ഡി.സി.സികള്‍ പണവുമായി കളക്ടര്‍മാരുടെ അടുത്ത് ചെന്നു. തിരുവനന്തപുരം കളക്ടര്‍ കാണാന്‍ പോലും തയ്യാറായില്ല. മറ്റു കളക്ടര്‍മാര്‍ കണ്ടു. പക്ഷേ പണം വാങ്ങിയില്ല. കോണ്‍ഗ്രിന്റെ പണം കയ്യിലിരിക്കട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കര്‍ണ്ണാടക മുഖ്യമന്ത്രി പണം വാങ്ങാന്‍ തയ്യാറായി. അതാണ് സമീപനത്തിലെ വ്യത്യാസം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ മുഖ്യമന്ത്രി ഇത്രയൊന്നും ധാര്‍ഷ്ട്യം കാണിക്കാന്‍ പാടില്ല. ഇത് രാജഭരണമല്ല. പ്രളയ ദുരിതാസ്വാസ ഫണ്ട വെട്ടിച്ച സി.പി.എം കാരെ ന്യായീകരിക്കുന്നതില്‍ ഉളുപ്പില്ലാത്ത മുഖ്യമന്ത്രിയാണ് ഈ പൈസ വാങ്ങാതെ കോണ്‍ഗ്രസിനെ കളിയാക്കുന്നത്. നാല് വര്‍ഷമായിട്ടും പിണറായിക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല എന്നാണ് മനസിലാക്കേണ്ടത്. അതിഥി തൊഴിലാളികള്‍ക്കുള്ള ടിക്കറ്റിന്റെ പണം സര്‍ക്കാര്‍ നല്കുകയുമില്ല, കോണ്‍ഗ്രസ് നല്കിയാല് വാങ്ങുകയുമില്ല. അത് മനുഷ്യത്വ രഹിതമായ നടപടിയാണ്. കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്നു ശേഖരിച്ച പണമണ്. അത് വേണ്ടാ എന്ന് പറഞ്ഞത് വിലകുറഞ്ഞ രാഷ്ട്രീയ കളിയാണ്. എത്ര പി.ആര് ഏജന്‍സികള്‍ വിചാരിച്ചാലും മുഖ്യമന്ത്രിയുടെ ദാര്‍ഷ്ട്യം കുറക്കാനാവില്ല.
കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം
കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് വ്യവസായങ്ങള്‍ വരാന്‍ പോകുന്നുവെന്നാണ്. നാല് വര്‍ഷമായി ഇത്തരം പ്രഖ്യാപനങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. എട്ട് തവണ മുഖ്യമന്ത്രി വിദേശ പര്യടനം നടത്തി. വ്യവസായികളെ ആകര്‍ഷിക്കാനാണ് പോയത് എന്നാണന്ന് പറഞ്ഞത്. ഓരോ യാത്രയ്ക്ക് ശേഷവും അദ്ദേഹം തിരുവനന്തപുരത്ത് വന്ന് പറഞ്ഞതിന്റെ വിശദാംശങ്ങള്‍ എന്റെ കയ്യിലുണ്ട്. അന്നദ്ദേഹം നല്കിയ വാഗ്ദാനങ്ങള്‍ എല്ലാം ദുബായ് മോഡല്‍ വാഗ്ദാനങ്ങളാണ്. അങ്ങിനെ പറഞ്ഞാലേ ആളുകള്‍ക്കിപ്പോള്‍ പെട്ടെന്ന് മനസിലാകൂ. ദൂബായിയില്‍ പോയി അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ ഒന്നും പോലും നടപ്പാകാതെ പോയത് കൊണ്ട് അതിപ്പോള്‍ ‘ദുബായ് പ്രഖ്യാപനം’ എന്ന ഒരു ശൈലിയായി മാറിക്കഴിഞ്ഞു.
കൊച്ചിയില്‍ അസന്റ് ഏന്നപേരില് ഒരു നിക്ഷേപകസംഗമം നടത്തി. ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ വരാന്‍ പോകുന്നുവെന്നാണ് അത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഒരാള്‍ പോലും വന്നില്ല. അപ്പോള്‍ ഈ പി ആര് ഏജന്‍സികള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണം. ആന്തൂരിലെ സാജന്റെയും , പുനലൂരിലെ സുഗതന്റെയും ദുരന്ത കഥ നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്. പ്രവാസികളായവര്‍ ഇവിടെ വ്യവസായം തുടങ്ങാന്‍ വന്നിട്ട് അവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു.ഇതുവരെ ഏതെങ്കിലും ഒരു പുതിയ വ്യവസായത്തിനോ, ഏതെങ്കിലും ഒരു വന്‍കിട പദ്ധതിക്കോ തുടക്കം കുറിക്കാന്‍ കഴിയാത്ത സര്‍ക്കാരാണിത്.
കിഫ്ബിയെ പറ്റി ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ അരിശം പിടിപ്പിക്കുന്നു. ഞാനാവര്‍ത്തിക്കുന്നു കിഫ്ബി അഴിമതിയുടെയും ധൂര്‍ത്തിന്റെയും കൂത്തരങ്ങാണ്. അവിടെ ഒരു പരിശോധനയും പാടില്ല. ഏപ്രില്‍ ആറിന് ഒരു ഉത്തരവിറങ്ങി. ഒരു ഡിപ്പാര്‍ട്ട്മെന്റും കിഫ്ബിയുടെ പദ്ധതികള്‍ പരിശോധിക്കരുതെന്ന്. ഇറിഗേഷനിലെ ചില എഞ്ചിനീയര്‍മാര്‍ കിഫ്ബി വഴി ആരംഭിച്ച ചില വര്‍ക്കുകള്‍ പരിശോധിക്കാന്‍ ചെന്നപ്പോഴാണ് ഈ ഉത്തരവ് ഇറങ്ങിയത്. കിഫ്ബിയുടെ പദ്ധതികള്‍ കിഫ്ബി തന്നെപരശോധിച്ചാല് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്. കിഫ്ബിയില്‍ സി.എ.ജി പരിശോേധന വേണ്ട, വിജിലിന്‍സ് പരിശോധന വേണ്ട, മറ്റു വകുപ്പുകളും പരിശോധിക്കാന്‍ പാടില്ല. അവര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും അവര്‍ തന്നെ നോക്കാനോ പാടുള്ളു. ഇങ്ങനെ ഒരു ഇടപാടുണ്ടോ? ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, അഴിമതിയുടെയും ധൂര്‍ത്തിന്റെയും കേളീരംഗമായി കിഫ്ബി മാറിക്കഴിഞ്ഞു. കിഫ്ബിയെ മുഖ്യമന്ത്രി ന്യായീകരിക്കുയാണ്.
കിഫ്ബിയില്‍ ഇതേവരെ നടപടികല്‍ പൂര്‍ത്തിയാക്കിയത് 10,581കോടിരൂപയുടെ പദ്ധതികള്‍ക്കാണ്. പണിപൂര്‍ത്തിയായത് വെറും 1764 കോടിയുടെ മാത്രം. അമ്പതിനായിരം കോടിയുടെ സംരംഭങ്ങള്‍ ആരംഭിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആരെ പറ്റിക്കാനാണ് ഇത്. കിഫ്ബിയില്‍ ദിവസം പതിനായിരം രൂപ ദിവസവും ശമ്പളത്തില്‍ പുതിയ നിയമനം നടത്തുന്നത് ധൂര്‍ത്തല്ലേ. സര്‍ക്കാരില്‍ അതിന് പറ്റിയ ഉദ്യേഗസ്ഥര്‍ ഇല്ലേ. ഇല്ലങ്കില്‍ ഇത്രയും വലിയ തുക കൊടുത്ത് ഒരാളിനെ കൊണ്ടുവരേണ്ട എന്താവശ്യമാണ് ഇപ്പോഴുള്ളത്. കിഫ്ബിയില്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ്. ഇത് വിശദമായി അന്വേഷിക്കേണ്ട കാര്യമാണ്. ജനങ്ങളുടെ പണം ഓഡിറ്റില്ലാതെ കാബിനറ്റും നിയമസഭയും അറിയാതെ ഇങ്ങിനെ ചിലവഴിക്കുന്നത് എത്ര മാത്രം ആരോഗ്യപരമാണ് എന്ന് സമൂഹം ചിന്തിക്കണം.
മുഖ്യമന്ത്രി വികസനത്തെപ്പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. ആരാണ് കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തിയത്? ഇക്കാലമത്രയും കേരളത്തിന്റെ വികസന പരിപാടികളെ തുരങ്കം വച്ചത് ആരാണ് ? ഇന്ന് സീ പ്ളെയിനിനെപ്പറ്റി വാര്‍ത്ത ഒരു പത്രത്തിലുണ്ട്. ആരാണ് മുന്‍പ് അതിനെ തടസപ്പെടുത്തിയത്? നാഷണല്‍ ഹൈവെയുടെ വികസനത്തെ ആരാണ് തടസപ്പെടുത്തിയത്? നാലായിരം കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയില്‍ ആറായിരം കോടി രൂപയുടെഅഴിമതി ഉന്നയിച്ചയാളാണ് ഇന്നത്തെ മുഖ്യമന്ത്രി. ആരാണ് വികസനത്തെ തടസപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തിയ ആളുകള്‍ ആളുകള്‍ വേഷ പ്രഛന്നരായി വന്ന് ഞങ്ങളെ വികസനം പഠിപ്പിക്കുകയാണ്. എന്നും യു ഡി എഫ് സര്‍ക്കാരുകളാണ് കേരളത്തില്‍ വികസനം കൊണ്ടുവന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കേണ്ടന്ന് വച്ചു,. ആഘോഷിക്കാന്‍ ഒന്നുമില്ലാതെ ആഘോഷിച്ചിട്ട് കാര്യമില്ലല്ലോ. കഴിഞ്ഞ വര്‍ഷം കോടികള്‍ പൊടിച്ച് ആഘോഷം നടത്തി. അത് സംസ്ഥാനത്തിന് ലാഭമായി.


