തിരുവനന്തപുരം: ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്റ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമം. ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കും. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോടുവെച്ച് സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും ഏക സിവില്‍ കോഡിനെതിരെ ഒന്നിക്കണം. പൗരത്വഭേദഗതി നിയമത്തിന് എതിരായി നടത്തിയതുപോലുള്ള പ്രക്ഷോഭം സംഘടിപ്പിക്കും. പ്രതിഷേധ പരിപാടിയിലേക്ക് സമസ്തയെ ക്ഷണിക്കുമെന്നും പ്രക്ഷോഭത്തില്‍ മുസ്ലിം ലീഗിനും സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനുമെതിരായി ആസൂത്രിതമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ഇവന്റ് മാനേജ്മെന്റ് സംവിധാനം രൂപപ്പെട്ടിരിക്കുന്നു. ഇത് കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും നേതൃത്വത്തിലാണ്. ഇവര്‍ സൃഷ്ടിക്കുന്ന വാചകങ്ങളാണ് വലതുപക്ഷ ശക്തികളുടെ പോസ്റ്ററുകളില്‍ പോലും നിറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തിധരന്റെ ആരോപണം സ്വയം എരിഞ്ഞടങ്ങുമെന്ന് എം.വി ?ഗോവിന്ദന് പറഞ്ഞു. വിവാദം എറ്റെടുക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. ശക്തിധരന്റെ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവിനെയും സുധാകരനെയും വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സുധാകരനെപ്പറ്റി കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അദ്ദേഹത്തിനെതിരേ നിരവധി കൊലപാതക കേസുകളും വധശ്രമ കേസുകളും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.എഫ്.ഐക്കെതിരായ വേട്ട മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ശക്തിപ്പെട്ടുവരികയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ?ഗോവിന്ദന്. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്കെതിരെ വന്ന വ്യാജ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് അവസാനിപ്പിക്കേണ്ടിവന്നുവെന്ന് എം.വി ?ഗോവിന്ദന് പറഞ്ഞു.
ചില ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ചുകൊണ്ട് പ്രസ്ഥാനത്തിനെതിരെ വലിയ കടന്നാക്രമണങ്ങളുണ്ടായി. തെറ്റായ ഒരു നിലപാടിനോടും സി.പി.എം വിട്ടുവീഴ്ച ചെയ്യില്ലെന്ന് അന്ന് വ്യക്തമാക്കിയതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികളാണ് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


