ചില്ലകൾ വെട്ടി നീക്കാനുള്ള തീരുമാനത്തിന്റെ മറവിൽ മലപ്പുറത്ത് പഞ്ചായത്ത് ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചു കടത്തിയതായി പരാതി. ചില്ലകൾ മാത്രമാണ് മുറിച്ചതെന്നും മരങ്ങൾ മുറിച്ചത് ആരെന്ന് അറിയില്ലെന്നും ചില്ലകൾ മുറിച്ചു മാറ്റാനുള്ള ചുമതല ഉണ്ടായിരുന്ന ഇടത് അംഗം, അൻപതിലേറെ മരങ്ങൾ മുറിച്ചു കടത്തിയതായി യുഡിഎഫ് ആരോപിച്ചു.
മരത്തിന്റെ ചില്ലകൾ കെട്ടിടത്തിന് ഭീഷണിയാണെന്ന താഴേക്കോട് ഗവ. വനിത ITI, അംഗനവാടി, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പരാതിയെ തുടർന്നാണ് ചില്ലകൾ മുറിച്ചു മാറ്റാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനം എടുത്തത്. പൊതുശ്മശാനത്തിലെ മരത്തിന്റെ ചില്ലകൾ വെട്ടാനായിരുന്നു ഏപ്രിൽ 24 ന് തീരുമാനം എടുത്തത്. ഇടതു ടിക്കറ്റിൽ 17 ആം വാർഡിൽ നിന്ന് ജയിച്ച മൊയ്തുപ്പ പിലാക്കലിന് ചുമതലയും നൽകി. ജൂൺ 10ന് നടത്തിയ പരിശോധനയിലാണ് മരങ്ങളും മുറിച്ചതായി കണ്ടെത്തിയത്.
തേക്ക്, മട്ടി, പൂവാക, ഉപ്പല തുടങ്ങിയ 28 ഓളം മരങ്ങളാണ് മുറിച്ചതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ഉള്ളത്. ചില്ലകൾ മാത്രമാണ് മുറിച്ചതന്നും മരം മറ്റാരോ മുറിച്ചു കടത്തിയെന്നും മൊയ്തുപ്പു പിലാക്കൽ പറഞ്ഞു. സംഭവത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമായിട്ടുണ്ട്.


