ഇടുക്കി: നെടുങ്കണ്ടത്ത് റോഡ് നിര്‍മാണത്തിൻ്റെ മറവില്‍ അനധികൃതമായി മരം മുറിച്ചതില്‍ വനംവകുപ്പ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. ഉടുമ്ബഞ്ചോല- ചിത്തിരപുരം റോഡ് നിര്‍മാണത്തിൻ്റെ മറവിലായിരുന്നു അനധികൃതമായി മരം മുറിച്ചത്. അനുമതിയില്ലാതെ പൊതുമരാമത്ത് മുറിച്ച മരങ്ങള്‍ പലതും കാണാനില്ലാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേയും കരാറുകാരനെതിരേയും വനം വകുപ്പ് നടപടി എടുത്തു. ഉടുമ്ബന്‍ചോല തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം 10 മരങ്ങള്‍ മുറിക്കാന്‍ ആണ് അനുമതി നൽകിയത്, എന്നാല്‍, അമ്പതിൽ അധികം മരങ്ങൾ ആണ് ഇപ്പോൾ മുറിച്ചിരിക്കുന്നത്.
ഉടുമ്പിൻചോല – ചിത്തിരപുരം റോഡില്‍ അപകട ഭീഷണിയുള്ള മരങ്ങളുടെ കണക്ക് നല്കാൻ ജില്ലാ കലക്ടര്‍ തഹസില്‍ദാരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞമാസം 10 മരങ്ങള്‍ മുറിച്ചുമാറ്റാൻ അനുമതി നൽകിയത്. എന്നാല്‍, അപകടാവസ്ഥയിലായ മരങ്ങളെന്ന വ്യാജേനെ മറ്റുമരങ്ങളും മുറിക്കുകയായിരുന്നു. പട്ടികയില്‍ ഉള്‍പ്പെടാത്ത ഈട്ടിയടക്കമുള്ള മരങ്ങളും മുറിച്ചതായി വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്.
റോഡിന് ഇരുവശങ്ങളിലുമായി നിരവധി മറ്റ് മരങ്ങള്‍ നില്ക്കുന്നതിനാല് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മരങ്ങള്‍ മുറിക്കുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാവണമെന്നും തഹസില്‍ദാര്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലെ നിര്‍ദേശങ്ങളൊന്നും പാലിച്ചിട്ടില്ലെന്നുമാണ് പരാതി.


