തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ തമാശയ്ക്ക് കൂട്ടുകാര്‍ തട്ടിയെടുത്തതിനെത്തുടര്‍ന്ന് ആറാം ക്ലാസ്സുകാരൻ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിൻ്റെയും നിജിയുടെയും മകന് ആദിത്യ (12) നാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അമ്മ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് രണ്ടാഴ്ച മുന്‍പ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ആദിത്യന് മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. ഈ ഫോണുപയോഗിച്ചു കളിക്കുന്നതിനിടയില്‍ മറ്റു കുട്ടികള്‍ തമാശയ്ക്ക് ഫോണ്‍ തട്ടിയെടുത്തു. ഇതിൻ്റെ വിഷമത്തില്‍ ആദിത്യന് മുറിക്കുള്ളില്‍ കയറി കതകടക്കുകയായിരുന്നു.
ഏറെനേരം കാണാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ അയല്‍വീട്ടിലെത്തി കാര്യമറിയിക്കുകയായിരുന്നു. തുടർന്ന് അയല്‍വാസികൾ മുറി തള്ളിത്തുറന്നപ്പോഴാണ് ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്. കുട്ടിയെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു.


