ഡെറാഡൂൺ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ശ്രീ ബദരീനാഥ് ധാമിലും വഴിപാടുകളിലും സംഭാവനകളിലും തട്ടിപ്പ് നടന്നതായി ആരോപണം. സാമൂഹിക മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെ ശ്രീ ബദരീനാഥ്-കേദാർനാഥ് ടെംപിൾ കമ്മിറ്റി (BKTC) സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും 24 മണിക്കൂറിനുള്ളിൽ കമ്മിറ്റി നടപടികൾ ആരംഭിച്ചതായും ബികെടിസി ചെയർമാൻ ഹേമന്ത് ദ്വിവേദി അറിയിച്ചു. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമായതിനാൽ നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണം നടത്തുന്നതിനായി ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭാവനകൾ എണ്ണിയെടുക്കുന്ന എല്ലാ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിൽ ലഭിച്ച വഴിപാടു പണം കൈകാര്യം ചെയ്തതിൽ ക്രമക്കേട് നടന്നതായാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നത്.
അതേസമയം, കുറ്റാരോപിതനായ ജീവനക്കാരന് ചെയർമാനുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഹേമന്ത് ദ്വിവേദി നിഷേധിച്ചു. തനിക്ക് പേഴ്സണൽ സെക്രട്ടറി ഇല്ലെന്നും, സോഷ്യൽ മീഡിയയിൽ പരാമർശിക്കുന്ന വ്യക്തി ബദരി-കേദാർ ടെംപിൾ കമ്മിറ്റിയിലെ ഒരു സ്ഥിരം ജീവനക്കാരൻ മാത്രമാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.


