തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയറിയാതെ നവജാത ശിശുവിനെ ദത്ത് നല്കിയ സംഭവത്തില്‍ പരാതിക്കാരിയായ അനുപമയ്ക്ക് പിന്തുണ അറിയിച്ച് മന്ത്രി. വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജാണ് ഇന്നു അനുപമയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചത്. കേസില്‍ മന്ത്രി വകുപ്പുതല അന്വേഷണവും നടപടിയും ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.
സെക്രട്ടറിയേറ്റ് പടിക്കല്‍ അനുപമയുടെ നിരാഹാര സമരം ആരംഭിക്കാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് മന്ത്രി ഫോണില്‍ വിളിച്ചത്. കേസില്‍ വകുപ്പുതല അന്വേഷണം നടത്തും. കൃത്യമായ നടപടികളുണ്ടാകുമെന്നും ഉറപ്പു നല്കി. താനും ഒരു അമ്മയാണ്. അനുപമയുടെ വികാരം തനിക്ക് മനസിലാകും. അനുപമയ്ക്കൊപ്പമാണ് സര്‍ക്കാരുള്ളതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
കേസില്‍ കഴിഞ്ഞ ദിവസം തന്നെ മന്ത്രി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വകുപ്പ് സെക്രട്ടറിയോട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്കി. ഈ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വകുപ്പുതല നടപടിയുണ്ടാകും. കുട്ടിയെ ദത്ത് നല്കിയ നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഇന്നലെ മന്ത്രി പരസ്യമായി തുറന്നു പറഞ്ഞിരുന്നു.
അതേസമയം, ഇന്നത്തെ നിരാഹാര സമരവുമായ മുന്നോട്ടു പോകാന്‍ തന്നെയാണ് അനുപമയുടെ തീരുമാനം. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഇന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. പരാതി നല്കി ആറുമാസം കഴിഞ്ഞാണ് പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്താന്‍ പോലും. ചില രേഖകള്‍ ലഭിക്കാനുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് നിയമ പോരാട്ടവുമായി മുന്നോട്ടു പോകാനാണ് അനുപമയും ഭര്‍ത്താവ് അജിത്തും തീരുമാനിച്ചിരിക്കുന്നത്.
കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ സ്മിത ഉള്‍പ്പെടെയുള്ള ആറുപേരെ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കാനാണ് പൊലീസ് ആലോചിക്കുന്നത്. പൊലീസ് അന്വേഷണത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പേരൂര്‍ക്കട സിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.


