തൊഴിലുറപ്പ് വേതന വര്‍ദ്ധനവില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി. തൊഴിലാളി വിരുദ്ധവും വിവേചനപരവുമായ ഈ നീക്കത്തെക്കുറിച്ച് ബിജെപിക്ക് എന്ത് പറയാനുണ്ടെന്ന് ബിനോയ് വിശ്വം ചോദിച്ചു.
തൊഴിലുറപ്പ് വേതനം 280 രൂപയായിരുന്ന ഗോവയില്‍ 294 രൂപ ആയി. 309 രൂപയായിരുന്ന ഹരിയാനയില്‍ 315 രൂപയായി. 275 രൂപ ആയിരുന്ന കര്‍ണ്ണാടകയില്‍ 289 രൂപയും ആയി വര്‍ദ്ധിപ്പിച്ചപ്പോഴാണ് കേരളത്തിലേത് 291 രൂപയായി പിടിച്ച് നിര്‍ത്തിയത്. ഇന്ധനവില വര്‍ദ്ധനവും മറ്റും മൂലം ഉപഭോക്തൃ വില സൂചികയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായ സംസ്ഥാനമാണ് കേരളം. ഉപഭോക്തൃ സൂചന അടിസ്ഥാനമാക്കിയാണ് തൊഴിലുറപ്പ് പദ്ധതി വേതനം നിശ്ചയിക്കപ്പെടുന്നത്.

കേരളത്തിന്റെ കാര്യത്തില്‍ മാത്രം അത് കേന്ദ്രം പാലിക്കാതിരുന്നത് രാഷ്ട്രീയ പ്രേരിതമാണ്. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മറ്റ് സംസ്ഥാനങ്ങളിലെല്ലാം വേതന വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന ഈ വിവേചനം മുന്‍കൂട്ടിയുള്ള പ്രതികാരമാണോ എന്ന് ജനങ്ങള്‍ സംശയിക്കും.
മാപ്പില്ലാത്ത ഈ വിവേചനത്തിന് ബാലറ്റ് പേപ്പറിലൂടെ കേരളം മറുപടി പറയുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. കേരളത്തോടുള്ള വിവേചനം തിരുത്തണമെന്ന് ആവിശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിക്ക് ബിനോയ് വിശ്വം അടിയന്തര സന്ദേശമയച്ചു.


