കാക്കനാട്: വ്യത്യസ്ത പരിപാടികളോടെ എറണാകുളം ജില്ലാ പഞ്ചായത്ത് ഓണാഘോഷം തൃക്കാക്കര ആസ്ഥാനത്ത് വേറിട്ട അനുഭവമായി. തൃക്കാക്കരയുടെ ഔദ്യോഗിക മഹാബലി പാല സായ ജില്ലാ പഞ്ചായത്ത് ആസ്ഥാനം സംഘടിപ്പിച്ച ഓണോത്സവത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും വകുപ്പ് മേധാവികളും ഒന്നിച്ചുചേര്‍ന്നു.
ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പ്രിയങ്ക ജി ഐഎസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ് സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷൈജോ പറമ്പില്‍, പി.എ. മുക്താര്‍, ശ്രീദേവി മധു, റസിയ റഹ്മത്ത്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉല്ലാസ് തോമസ്, ആശാസനല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ഷഫീക്ക്,
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജ്യോതിമോൾ .ടി, എക്സിക്യൂട്ടീവ് എൻജിനീയർ സാറ സൂര്യ ജോർജ് , വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
മഹാവലി തമ്പുരാന്റെ തറവാട്ടിലെത്തിയ മാവേലിയെ വര്‍ണ്ണാഭമായ കാഴ്ചകളോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. വനിതകളുടെ ശിങ്കാരിമേളം ഓണാഘോഷത്തിന് കൊഴുപ്പേകി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിള്‍ മാഗി, ഫിനാന്‍സ് ഓഫീസര്‍ യു. ഹനീഷ്, സൂപ്രണ്ടുമാരായ പി.എന്‍. പ്രസാദ്, ശ്രീകാന്ത് ടി.ബി. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഓണത്തിന്റെ ചിട്ടകള്‍ക്ക് അനുസരിച്ച് അത്തപ്പൂക്കളം, തിരുവാതിര, മിട്ടായി പറുക്കല്‍, സുന്ദരിക്ക് പൊട്ടുതൊടല്‍, വടംവലി, ഓണപ്പാട്ടുകള്‍, പഴയ പാട്ടുകള്‍, കസേരകളി എന്നിവ അരങ്ങേറി. വിവിധ മത്സരങ്ങളില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മാറ്റുരച്ചു. ആഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പി. ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തതോടെ സര്‍ക്കാര്‍-പഞ്ചായത്ത് ഏകോപനത്തിന്റെ മാതൃക കൂടിയായി ഈ ഓണാഘോഷം മാറി. പരമ്പരാഗത ഓണാചാരങ്ങളും നാടന്‍ കലകളും കോര്‍ത്തിണക്കിയ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.

