കൊച്ചി: പത്തനംതിട്ട അടൂരില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. രൂപമാറ്റം വരുത്താത്ത വാഹനങ്ങള്‍ ഉപയോഗിച്ചും രക്ഷാപ്രവര്‍ത്തനം സാധ്യമല്ലേ എന്ന് ചോദിച്ച കോടതി, ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി.
ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരെ പിന്നീട് സര്‍വീസില്‍ തിരിച്ചെടുത്തുവെങ്കിലും, സസ്പെന്‍ഷനിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം എന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. കൂടാതെ, രൂപമാറ്റം വരുത്തിയ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിന് അനുവദിച്ചിട്ടുള്ള ഗൂര്‍ഖ ജീപ്പുകള്‍ പോലും ഇത്തരം ദുരിതാശ്വാസ മേഖലകളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നും കോടതി നിരീക്ഷിച്ചു. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് ഹൈക്കോടതി പരിഗണിച്ചു വരുന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്. വിഷയത്തില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കും.

