തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്സി വിളിച്ച് യാത്ര ചെയ്ത ശേഷം കാര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ ഗുണ്ടയ്ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കഠിനംകുളത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുതുക്കുറിച്ചി സ്വദേശിയായ സുഹൈല്‍ കനി (32) ആണ് കാറുമായി രക്ഷപ്പെട്ടത്.
ബുധനാഴ്ച വെളുപ്പിന് അഞ്ചുമണിയോടെയാണ് ഇയാള്‍ ഉബര്‍ കാര്‍ ബുക്ക് ചെയ്തത്. തുടര്‍ന്ന് പെരുമാതുറ ജംഗ്ഷനില്‍ എത്തിയപ്പോള്‍ സുഹൃത്തുക്കള്‍ വരാനുണ്ടെന്ന് പറഞ്ഞ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവര്‍ തൊട്ടടുത്ത കടയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയ തക്കം നോക്കി ഇയാള്‍ വാഹനം ഓടിച്ച് കടന്നുകളയുകയായിരുന്നു. ഡ്രൈവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഠിനംകുളം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി വര്‍ക്കല ഭാഗത്തേക്കാണ് കാറുമായി പോയതെന്ന് കണ്ടെത്തി. പിന്നീട് ചെറിയതുറയില്‍ നിന്നും കാര്‍ പോലീസ് കണ്ടെടുത്തതായാണ് വിവരം.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുഹൈല്‍ കനി കാപ്പ നിയമപ്രകാരം നാടുകടത്തലിനും ആറുമാസം ജയില്‍ ശിക്ഷയ്ക്കും ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്. കാര്‍ തട്ടിയെടുക്കുന്നതിന് തൊട്ടുനാല് ദിവസം മുമ്പ് രാത്രി ഇയാള്‍ മൂന്നുപേരെ മര്‍ദ്ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തില്‍ പരിക്കേറ്റ പുതുക്കുറിച്ചി സ്വദേശിയായ ഷറഫുദ്ദീന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടുപേര്‍ക്ക് സ്റ്റേഷന് പരിധിയില്‍ വെച്ചാണ് പരിക്കേറ്റത്. ഈ സംഭവങ്ങളെത്തുടര്‍ന്ന് പോലീസ് പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടയിലാണ് വെളുപ്പിന് ഇയാള്‍ ഉബര്‍ കാര്‍ തട്ടിയെടുത്തത്. പ്രതിയെ പിടികൂടാനായി തിരുവനന്തപുരം റൂറല്‍ പോലീസ് വ്യാപകമായ തിരച്ചില്‍ തുടരുകയാണ്.

