മുൻമന്ത്രി ടി.യു. കുരുവിള അന്തരിച്ചു
കൊച്ചി: മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു. 89 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 9.12-നായിരുന്നു അന്ത്യം. മെയ് 12-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കകളുടെ പ്രവർത്തനത്തെയും ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
കേരള കോൺഗ്രസിലെ ജോസഫ് പക്ഷത്തെ കരുത്തൻ
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ വൈസ് ചെയർമാനും ഡെപ്യൂട്ടി ചെയർമാനുമായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. കൂറുമാറ്റങ്ങൾ പതിവായ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ എക്കാലത്തും പി.ജെ. ജോസഫിനോട് മാത്രം അടിയുറച്ച കൂറ് പുലർത്തിയ നേതാവായിരുന്നു കോതമംഗലത്തുകാരുടെ പ്രിയപ്പെട്ട ‘കുർളാൻ ചേട്ടൻ’.
മന്ത്രിയും എംഎൽഎയും
വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ 2006 നവംബർ മുതൽ 2007 സെപ്റ്റംബർ 2 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. 2006, 2011 വർഷങ്ങളിൽ കോതമംഗലത്ത് നിന്ന് വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പദവി മുതൽ സംസ്ഥാന മന്ത്രിസ്ഥാനം വരെ നീളുന്ന വിപുലമായ രാഷ്ട്രീയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ നിലകളിലും ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു.
യാക്കോബായ സഭയുടെ വക്താവ്
സജീവ രാഷ്ട്രീയത്തിന് പുറമെ യാക്കോബായ സഭയുടെ ശക്തനായ വക്താവെന്ന നിലയിലും പ്രമുഖ വ്യവസായി എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
കുടുംബം :ഊഞ്ഞാപ്പാറ കല്ലുങ്കൽ കുടുംബാംഗം ചിന്നമ്മയാണ് ഭാര്യ. റീന, ഡോ. രേണു, റെമി, ഡോ. രേഖ, എൽദോ എന്നിവർ മക്കളാണ്. ഡോ. പോൾ ജേക്കബ്, പരേതനായ പൗവ്വൽസ് കുര്യൻ, തോമസ് മുത്തൂറ്റ്, പരേതനായ സുദീപ് തോമസ് ജോൺ, റിതിക അസറിയ എന്നിവർ മരുമക്കളാണ്.
സംസ്കാരം ഞായറാഴ്ച
ഭൗതികശരീരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയാ വലിയ പള്ളിയിൽ സംസ്കരിക്കും.


