ചാന്‍സലറും കണ്ണൂര്‍ സര്‍വകലാശാലയും തമ്മിലുള്ള പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലവില്‍ കക്ഷിയല്ലെന്ന് നിയമമന്ത്രി പി രാജീവ്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ സര്‍വകലാശാല വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല നിയമപരമായി മുന്നോട്ട് പോകും. ഗവര്‍ണര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഭരണഘടന അനുശാസിക്കും, ചാന്‍സലര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നിയമങ്ങള്‍ അനുശാസിക്കും. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് അവകാശങ്ങളുണ്ടെന്നും സംസ്ഥാനത്തിന്റെ പൂര്‍ണ അധികാരത്തില്‍ വരുന്നതാണ് സര്‍വകലാശാലകളെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. നടപടി ക്രമം പാലിക്കാതെയാണ് സ്റ്റേ എന്ന് കാണിച്ചാണ് ഹര്‍ജി.
മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയുള്ള കണ്ണൂര്‍ സര്‍വകലാശാല ജൂലൈ 27ന് ഇറക്കിയ വിജ്ഞാപനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്. വിസി അടക്കമുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.