ആക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം റദ്ദാക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷവും. ഗവര്‍ണര്‍ക്ക് ഇഷ്ടമില്ലെന്ന് കരുതി മന്ത്രിമാരെ പിന്‍വലിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന് പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിന് ഗൗരവം കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ എന്താണ് തര്‍ക്കമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗവര്‍ണര്‍ ഭരണഘടനാതീത ശക്തിയല്ലായെന്നും വി.ഡി സതീശന് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിനെതിരായ ഗവര്‍ണറുടെ ഭീഷണിയോട് പ്രതിപക്ഷവും രൂക്ഷമായാണ് പ്രതികരിച്ചത്. ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാവുമെന്നാണ് ഗവര്‍ണര്‍ ട്വീറ്റ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ പദവിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടായാല്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നുമാണ് ഗവര്‍ണറുടെ ഭീഷണി.
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.


