കോണ്‍ഗ്രസ് നേതാവ് കെ.പി.അനില്‍ കുമാറും കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് വാര്‍ത്ത സമ്മേളനത്തിലാണ് അനില്‍കുമാര്‍ രാജിപ്രഖ്യാപിച്ചത്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.
ഡി.സി.സി പട്ടികയും പിന്നാലെ അച്ചടക്ക നടപടിയും എത്തിയതോടെ കെ.പി അനില്‍കുമാര്‍ രൂക്ഷ വിമര്‍ശനമായിരുന്നു നേതൃത്വത്തിനെതിരെ ഉന്നയിച്ചിരുന്നത്. ചാനല്‍ ചര്‍ച്ചക്കിടെ ഡി.സി.സി അധ്യക്ഷ പട്ടികയില്‍ പരസ്യ വിമര്‍ശനം നടത്തിയതിനായിരുന്നു സസ്പെന്ഷന്.
കോഴിക്കോട് എം.പി, എം.കെ രാഘവനെതിരെയും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെയും രൂക്ഷ വിമര്‍ശനമാണ് അനില്‍കുമാര്‍ നടത്തിയത്. രാഘവനാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നായിരുന്നു അനില്‍കുമാറിന്റെ ആക്ഷേപം. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെ.പി അനില്‍കുമാര്‍ ആവര്‍ത്തിച്ചു.


