കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിശദാന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്. കെ. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് വിശദാന്വേഷണത്തിനു അനുമതി തേടിയത്. കരുണാകരന് ട്രസ്റ്റിന്റെ പേരിലും, ഡി.സി.സി ഓഫിസ് നിര്‍മാണത്തിനായും പണപ്പിരിവ് നടത്തിയതിലൂടെ സുധാകരന് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതി. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് പ്രാഥമികാന്വേഷണം നടത്തിയത്. കൂടുതല്‍ തെളിവുശേഖരണം നടത്തണമെന്നാണ് വിജിലന്‍സ് ആവശ്യം.
കെ. സുധാകരന് എംപി ആയതുകൊണ്ട് തന്നെ കേസ് രജിസ്റ്റര്‍ അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് വിജിലന്‍സ് എസ്പിയുടെ നേതൃത്തിലാണ് അന്വേഷണം.
അതേസമയം, വനം മന്ത്രിയായിരിക്കെ കെ സുധാകരന് വ്യാപക അഴിമതി നടത്തിയെന്ന് കെ.സുധാകെന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ആരോപിച്ചു. മറയൂരില്‍ നേരിട്ടെത്തി മറ്റൊരു കേസില്‍ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയെന്നും ഇതില്‍ അന്വേഷണം ഉണ്ടായില്ലെന്നും പ്രശാന്ത് ബാബു പറയുന്നു. 32 കോടിയില്‍ 16 കോടി മാത്രമാണ് ചെലവാക്കിയത്. ബാക്കി സുധാകരന് അനധികൃതമായി ചെലവാക്കി. അനധികൃത സമ്പാദ്യം മുഴുവന്‍ ചെന്നൈയിലെ ചിട്ടിയില്‍ നിക്ഷേപിച്ചുവെന്നും പ്രശാന്ത് ബാബു ആരോപിക്കുന്നുണ്ട്.
അതേസമയം, സുധാകരനെതിരായ വിജിലന്‍സ് അന്വേഷണ ശുപാര്‍ശ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. അന്വേഷണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടും. ചെന്നിത്തലയ്ക്കെതിരെ ആരോപണം ഉന്നയിച്ച ആളുടെ പശ്ചാത്തലം അന്വേഷിക്കണം. അടിസ്ഥാനമില്ലാത്ത ആരോപണം രാഷ്ട്രീയത്തെ മലീമസമാക്കുന്നുവെന്നും സതീശന് കുറ്റപ്പെടുത്തി.


