പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിനുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എന്ന് ഹർജിക്കാരൻ വാദിച്ചു. വാക്കുപാലിച്ചതായി കണ്ടുകൂടെയെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക എന്ന് കോടതി ചോദിച്ചു. ഹർജി വിധി പറയാൻ മാറ്റി.
കർണാടകയിലും, തമിഴ്നാടിലും, പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കി എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീശാക്തികരണമാണ് ലക്ഷ്യമെന്നും സർക്കാർ പറഞ്ഞു. ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ, തുച്ഛമായ ദിവസ വേതനക്കാരനായ പുരുഷൻ ടിക്കറ്റ് നൽകേണ്ടി വരുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. വരുമാന പരിധിയോ താമസ യോഗ്യതയോ ഒരു ക്ഷേമ ലക്ഷ്യമോ ഇല്ലാതെയാണ് ആനുകൂല്യം നൽകുന്നതെന്ന് ഹർജിയിൽ പറയുന്നു.
പദ്ധതി ഏകപക്ഷീയവും വിവേചനപരവുമെന്ന് ഹർജിയിൽ ആരോപിക്കുന്നു. പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണ്. പദ്ധതി ഭരണഘടന വിരുദ്ധമെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിലെത്തിയത്.


