കൊച്ചി: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രെയിനുകളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ അപകടയാത്ര. ട്രെയിനിൽ തൂങ്ങിയും മറ്റും ജീവൻ പണയം വെച്ചാണ് ബംഗാളിലേക്ക് പോകുന്നത്.
ഏപ്രിൽ 23നാണ് ബംഗാളിൽ ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പ്. എസ്ഐആർ ഭീതി കൂടി വന്നതോടെ ഏതുവിധേനയും നാട്ടിലെത്തി വോട്ട് ചെയ്യാനാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ശ്രമം. വിവിധ ഇടങ്ങളിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത തിരക്കാണ്. ട്രെയിനിന്റെ വാതിലിലും പുറത്തും തൂങ്ങിക്കിടന്ന് ജീവൻപണയം വച്ചാണ് തൊഴിലാളികളുടെ യാത്ര. വോട്ടിന് നാട്ടിലെത്തിയില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന പേടിയിലാണ് അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത്. ഏപ്രിൽ 29നാണ് ബംഗാളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.


