തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷം തെളിയിക്കാനാവാത്തത് സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ തികയ്ക്കാൻ വിജയിടെ പാർട്ടിക്ക് സാധിക്കാത്ത സാഹചര്യത്തിൽ, ഗവർണറുടെ തീരുമാനങ്ങളാണ് നിർണായകമാകുന്നത്. ഈ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു ‘തൂക്കുസഭ’യിൽ ഗവർണറുടെ പങ്ക് എന്താണെന്ന് വിശദമായി പരിശോധിക്കാം.
തെരഞ്ഞെടുപ്പ് കണക്കുകളും അനിശ്ചിതത്വവും
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിയുടെ ടിവികെ 108 സീറ്റുകളാണ് നേടിയത്. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച വിജയ് അതിലൊന്ന് രാജിവെക്കുന്നതോടെ പാർട്ടിയുടെ അംഗബലം 107 ആയി കുറയും. ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിലെത്താൻ വിജയ്ക്ക് ഇനിയും 11 അംഗങ്ങളുടെ പിന്തുണ കൂടി ആവശ്യമാണ്. കോൺഗ്രസിന്റെ അഞ്ച് അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആകെ 112 അംഗങ്ങളെ മാത്രമേ വിജയിക്ക് ഉറപ്പിക്കാനായിട്ടുള്ളൂ. 118 എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന രേഖകളുമായി വരാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ മെയ് 7ന് നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ അനിശ്ചിതത്വത്തിലായി.
തൂക്കുസഭയിൽ ഗവർണറുടെ വിവേചനാധികാരം
ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തെയാണ് ‘തൂക്കുസഭ’ എന്ന് വിളിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 164 പ്രകാരം മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണറാണ്. സാധാരണഗതിയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവിനെ അദ്ദേഹം ക്ഷണിക്കുന്നു. എന്നാൽ ആർക്കും ഭൂരിപക്ഷമില്ലാത്തപ്പോൾ ആരെ മുഖ്യമന്ത്രിയായി നിയമിക്കണം എന്നത് ഗവർണറുടെ വിവേചനാധികാരമാണ്. സ്ഥിരതയുള്ള ഒരു സർക്കാർ രൂപീകരിക്കാൻ സാധ്യതയുള്ള നേതാവിനെ തെരഞ്ഞെടുക്കുക എന്നതാണ് ഗവർണറുടെ പ്രധാന ചുമതല.


