രാജസ്ഥാനിലെ ഐസിഐസിഐ ബാങ്കിന്റെ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജർ അറസ്റ്റിൽ. 43 ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് 4.58 കോടി രൂപയാണ് തട്ടിയത്. തട്ടിയെടുത്ത ഫണ്ട് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചതായും മുഴുവൻ തുകയും നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു.
ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായിരുന്ന സാക്ഷി ഗുപ്തയാണ് ഉപഭോക്താക്കളുടെ 110 അക്കൗണ്ടുകളിൽ നിന്നായി പണം പിൻവലിച്ചത്. സാക്ഷി ഒറ്റയ്ക്കാണോ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
പണം പിൻവലിക്കുമ്പോൾ സന്ദേശം വരാതിരിക്കാൻ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ പോലും ഇവർ മാറ്റിയിരുന്നു. പകരം തന്റെ കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ മാറ്റി നൽകി.
2020 -23 കാലഘട്ടത്തിൽ ബ്രാഞ്ചിലെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്ത വിവിധ കസ്റ്റമേഴ്സിന്റെ അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ തട്ടി എന്നാണ് മാനേജർ നൽകിയ റിപ്പോർട്ട്. 41 ഉപഭോക്താക്കളുടെ 110 അക്കൗണ്ടുകളിൽ നിന്നാണ് അവരറിയാതെ സാക്ഷി പണം പിൻവലിച്ചത്.
സാക്ഷി ഗുപ്ത ഉപഭോക്താക്കളുടെ ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്ന് 2020 നും 2023 നും ഇടയിൽ 110 അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ പിൻവലിച്ചു എന്നാണ് കണ്ടെത്തൽ. പണം നഷ്ടപ്പെട്ടവർക്ക് തിരിച്ചുനൽകുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞശേഷം നിരവധി നിക്ഷേപകരാണ് പണം പിൻവലിക്കാനായി എത്തിയിരിക്കുന്നത്.