ചെന്നൈ: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവിഷ്കരിക്കുന്ന സിങ്കപ്പെണ്‍ പദ്ധതിക്ക് ഇന്നു തുടക്കമാകും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ ദ്രുതഗതിയില്‍ പ്രതികരിക്കുന്നതിനുമായി രൂപീകരിച്ച, സ്ത്രീകള്‍ മാത്രമുള്ള പ്രത്യേക പോലീസ് വിഭാഗമാണ് ‘സിങ്കപ്പെണ്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്’
ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കെ. ഭവാനിശ്വരിയാണ് സിംഗപ്പെണ്‍ സ്പെഷ്യല്‍ ഫോഴ്സിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ ഒപ്പുവെച്ച ആദ്യ ഉത്തരവുകളില്‍ ഒന്നായിരുന്നു ഈ പ്രത്യേക സേനയുടെ രൂപീകരണം.
ഡിജിപി ഓഫീസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സൈബര്‍ ക്രൈം വിഭാഗത്തില്‍ നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ 18 സബ് ഇന്‍സ്പെക്ടര്‍മാരെ ‘ഓണ്‍ ഡ്യൂട്ടി’ വ്യവസ്ഥയില്‍ ഈ സേനയിലേക്ക് നിയോഗിച്ചിരുന്നു. സിങ്കപ്പെണ്‍ സ്പെഷ്യല്‍ ഫോഴ്സ് ഐജിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരം, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ വിടുതല്‍ ചെയ്ത് സേനയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


