ഉമ്മന്‍ചാണ്ടിക്ക് 27,000 രൂപ വൈദ്യൂതി ബില്‍ വന്നത് കുടിശ്ശിക അടയ്ക്കാത്തതിനാല്‍ ആണെന്ന് കെഎസ്ഇബി. കരണ്ട് ബില്ല് വര്‍ധനയ്ക്കെതിരെ കെഎസ്ഇബി ആസ്ഥാനത്ത് ചൊവ്വാഴ്ച കോണ്‍ഗ്രസ് നടത്തിയ ധര്‍ണയില്‍ ഉമ്മന്‍ചാണ്ടിക്ക് 27,000 രൂപ ബില്‍ വന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ഇബി നടത്തിയ പരിശോധിച്ചപ്പോഴാണ് വൈദ്യുത ബില്‍ കൂടിയതിന്റെ കാരണം വ്യക്തമായത്.
പൂജപ്പുര സെക്ഷനു കീഴിലുള്ള ഉമ്മന്‍ചാണ്ടിയുടെ തലസ്ഥാനത്തെ വീട്ടിലാണ് ഇത്രയും തുക കരണ്ട് ബില്ല് ഇനത്തില്‍ വന്നത്. ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും നല്കിയതുപോലെ തന്നെയാണ് ഉമ്മന്‍ചാണ്ടിക്കും ബില്ല് നല്‍കിയത്. 8195 രൂപയായിരുന്നു കരണ്ട് ബില്ലിന്റെ തുക. എന്നാല്‍, ഉമ്മന്‍ചാണ്ടി ഇത് അടച്ചിരുന്നില്ല. കെഎസ്ഇബി റീഡിങ് പുനരാരംഭിച്ചതിന് ശേഷം ജൂണ്‍ ആറിന് യഥാര്‍ഥ റീഡിങ്ങിനെ അടിസ്ഥാനമാക്കി പുതിയ ബില്‍ നല്കി.
അടയ്ക്കാതിരുന്ന രണ്ടു മാസങ്ങളിലേതടക്കം ഉപയോഗം കണക്കാക്കി റീഡിങ് എടുത്തപ്പോള്‍ ഉപയോഗം വര്‍ധിച്ചതായും തെളിഞ്ഞു. നാലു മാസത്തെ ആകെ ഉപയോഗം 3119 യൂണിറ്റ് ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നിക്ഷേപത്തിന് ഉപയോക്താവിനു നല്‍കേണ്ട 879 രൂപ കുറച്ച് 27,176 രൂപയുടെ പുതിയ ബില്‍ നല്‍കുകയായിരുന്നുവെന്നും കെഎസ്ഇബി വിശദമാക്കി.


