തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. നാളെ മുതൽ പുറത്ത് നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 200 മെഗവാട്ടിന്റെ കുറവ് കൂടി വരും. വടക്കേ ഇന്ത്യയിലും ചൂട് കൂടിയതിനാൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങാനും വൈദ്യുതി ലഭ്യമല്ല. ഇതോടെ ഇപ്പോഴുള്ള അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിന്റെ ദൈർഘ്യം കൂടുമെന്ന് ഉറപ്പായി.
ചൂട് അസഹനീയമായതോടെയാണ് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നത്. ഇതോടെ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായി. ഈ മാസം 16 മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പവർ ബാങ്കിങ് വഴി വാങ്ങിയിരുന്ന വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവ് വന്നു. 20-ാം തീയതി മുതൽ വീണ്ടും 200 മെഗാവാട്ടിന്റെ കുറവുണ്ടായി. 26 മുതൽ 200 മെഗാവാട്ടിന്റെ കുറവ് കൂടി വരുന്നതോടെ മൊത്തം 600 മെഗാവാട്ടിന്റെ വൈദ്യുതി ദൗർലഭ്യമുണ്ടാകും. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ശ്രമിച്ചാൽ പവർ എക്സ്ചേഞ്ചിൽ വൈദ്യുതി കിട്ടാക്കനിയായി.കഴിഞ്ഞ ദിവസം ഡെ എഹഡ് മാർക്കറ്റിങ് വഴി 1500 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബി ചോദിച്ചിരുന്നു. കിട്ടിയത് പക്ഷേ വെറും ഏഴ് മെഗാവാട്ട് മാത്രമാണ്. സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തിന്റെയും ഉപയോഗത്തിന്റെയും കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ഈ മാസം 23-ലെ കണക്കനുസരിച്ച് അന്ന് പ്രതിദിനം ഉപയോഗിച്ച വൈദ്യുതി 115.26 ദശലക്ഷം യൂണിറ്റ്. അതിൽ സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത് 27.76 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ്. 87.49 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്ത് നിന്ന് വാങ്ങി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5950 മെഗാവാട്ടായിരുന്നു. ഇതിൽ കേരളത്തിൽ നിന്ന് ലഭ്യമായത് വെറും 1761 മെഗാവാട്ടാണ്.


