കോഴിക്കോട്: സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗികാതിക്രമണത്തിന് ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍. പുത്തൂര്‍ നാഗാളികാവ് സ്വദേശി ജലീലിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് മാസം മുമ്പാണ് ഇയാൾ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.
ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീ മുക്കം പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കേസെടുത്തത്. തുടര്‍ന്ന് നാട്ടില്‍നിന്നും മുങ്ങിയ ഇയാളെ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളില്‍ കൂടി ഇയാളുടെ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് ഇന്നലെ നായര്‍കുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏൽപിക്കുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന സ്ത്രീകളുടെ അടുത്ത് വാഹനം നിര്‍ത്തി ശരീരത്തില്‍ കയറിപ്പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. വാഹനം തിരിച്ചറിയാതിരിക്കാന്‍ സ്കൂട്ടറിന് പിന്നിലെ നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് ഇയാള്യാത്ര ചെയ്തിരുന്നത്.


