മൂവാറ്റുപുഴ: ഗൂഗിള് പേ വഴി പണം അയച്ചെന്ന വ്യാജ സ്ക്രീന്ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിലായി. പെരുമ്പാവൂര് കാഞ്ഞിരക്കാട് പള്ളിപ്പടി സ്വദേശി കോന്നംകുടി വീട്ടില് ആസിഫ് കെ. ഹസന് (28) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ എസ്.എച്ച്.ഒ സുബിന് ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എ.ടി.എമ്മില് പണം നിക്ഷേപിക്കാനെത്തിയ ആളില് നിന്നാണ് പ്രതി പതിനായിരം രൂപ തട്ടിയെടുത്തത്. എ.ടി.എം കാര്ഡ് ഉപയോഗിച്ച് പണം പിന്വലിക്കാന് സാധിക്കുന്നില്ലെന്ന് വിശ്വസിപ്പിച്ച്, പകരം കൈയില് നിന്ന് പണം വാങ്ങി ഗൂഗിള് പേ വഴി ട്രാന്സ്ഫര് ചെയ്തതായി വ്യാജ സ്ക്രീന്ഷോട്ട് കാണിച്ചായിരുന്നു തട്ടിപ്പ്.
മുമ്പും സമാന രീതിയിലുള്ള തട്ടിപ്പ് കേസുകളില് പ്രതിയായി റിമാന്ഡില് കഴിഞ്ഞിട്ടുള്ളയാളാണ് ആസിഫ്. ഇയാള് കൂടുതല് ആളുകളില് നിന്ന് ഇത്തരത്തില് പണം തട്ടിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കിയിട്ടുണ്ട്. എസ്.ഐമാരായ ആര്.ബി. റോഷ്നി, സി.ബി. അനില്കുമാര്, സീനിയര് സിവില് പോലീസ് ഓഫീസര്മാരായ സന്ദീപ് ബാബു, ഇര്ഫാന് ഹബീബ്, എം.പി. രതീഷ്, ശ്രീജു രാജന്, വിപിന് വര്ക്കി, ഷിജു രാജപ്പന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.

