കണ്ണൂർ: പോലീസിനെയും ആഭ്യന്തരമന്ത്രിയെയും സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പിടിയിൽ. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ കണ്ണൂരിലെ ഒരു അഭിഭാഷകയുടെ വീട്ടിൽ ഒളിച്ചിരിക്കുമ്പോഴാണ് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ സാഹസികമായി പിടികൂടിയത്.
ആയങ്കിക്കെതിരെ മൂന്ന് കേസുകളാണുള്ളത്. അറസ്റ്റിന് ശേഷം ഇയാളെ എറണാകുളത്തേക്ക് കൊണ്ടുവരും.
സംസ്ഥാനത്തിനകത്തും പുറത്തും ആയങ്കിക്കായി വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തിയത്. ഒളിവിലിരുന്നും വാഹനങ്ങൾ മാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചുമാണ് ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ചത്. ഇതിനിടെ സോഷ്യൽ മീഡിയയിലൂടെ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടതും പോലീസിന് വെല്ലുവിളിയായി. ഇതിനിടെ പോലീസ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഈ സംഘം കാടിളക്കി നടത്തിയ പരിശോധനയിൽ സഹോദരനടക്കം നാലു പേരെ പിടികൂടിയിരുന്നു. ഇവർക്ക് കോതമംഗലം കോടതി ജാമ്യം അനുവദിച്ചു
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ഉണ്ടെന്ന സൂചന ലഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സഹോദരൻ അഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പാലക്കാട് വരെയും തിരച്ചിൽ നീണ്ടെങ്കിലും ഫലമുണ്ടായില്ല. പോലീസ് തിരയുന്നതിനിടെ ഞാൻ ഇവിടെയുണ്ട് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതും അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു.


