കോയമ്പത്തൂർ ∙ കേരളത്തിൽ വിതരണത്തിനെത്തിച്ച 10 കോടി രൂപയിലധികം വിലമതിക്കുന്ന 12.794 കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് മലയാളി യുവാക്കളെ കോയമ്പത്തൂരിൽ നിന്ന് പൊലീസ് പിടികൂടി. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് വലയിലായത്.
ആഴ്ചകൾക്ക് മുൻപ് മഞ്ചേരിയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് 100 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്തർസംസ്ഥാന ബന്ധങ്ങളുള്ള വൻ ലഹരി ശൃംഖലയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഡൽഹി, മുംബൈ, ബാംഗ്ലൂർ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ശേഖരിച്ച് തമിഴ്നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. ആഡംബര കാറുകളിൽ പ്രത്യേക അറകളുണ്ടാക്കി തമിഴ്നാട്ടിലെ വിനോദസഞ്ചാര-വ്യവസായ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇവർ ഇടപാടുകൾ നടത്തിവരികയായിരുന്നു.

നിരീക്ഷണം ശക്തമാക്കിയ പൊലീസ് കോയമ്പത്തൂരിൽ വെച്ചാണ് സംഘത്തെ വളഞ്ഞത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 12.794 കിലോഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാനായി 200 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള ചെറിയ പായ്ക്കറ്റുകളാക്കിയ നിലയിലായിരുന്നു ലഹരിമരുന്ന്.
ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് വിമാനമാർഗം പോയി, അവിടുന്ന് വാങ്ങുന്ന ആഡംബര വാഹനങ്ങളുടെ രഹസ്യ അറകളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരി കടത്തിയിരുന്നത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു കണ്ണികളെക്കുറിച്ചും ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മലപ്പുറം, പെരിന്തൽമണ്ണ ഡിവൈഎസ്പിമാരും നാർക്കോട്ടിക് സെല്ലും ഡാൻസാഫ് സ്ക്വാഡും ഉൾപ്പെട്ട സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

