നടനും രാഷ്ട്രീയ നേതാവുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന് ആദിത്യ കൃഷ്ണന് തമ്പി വിവാഹിതനായി. തമിഴ്നാട് സ്വദേശിനിയായ മനീഷ എതിരാജാണ് വധു. കോയമ്പത്തൂരിലെ ജെന്നീസ് റെസിഡന്‍സിയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങുകളില്‍ മുന്നില്‍ നിന്ന് അതിഥികളെ സ്വീകരിച്ചതും ആശീര്‍വദിച്ചതും ഗണേഷ് കുമാറും യാമിനി തങ്കച്ചിയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ ഒരുമിച്ച് നില്ക്കുന്ന ഗണേഷ് കുമാറിന്റെ കുടുംബചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയം.
മുന്‍കാലങ്ങളിലെ കടുത്ത അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ അകല്‍ച്ചകളും മാറ്റിവെച്ച് മകന്റെ ജീവിതത്തിലെ നിര്‍ണായകമായ ഈ ശുഭമുഹൂര്‍ത്തത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ ഇരുവരും കാണിച്ച മനസ്സിനെ ആരാധകരും സോഷ്യല്‍ മീഡിയ ലോകവും ഒന്നടങ്കം അഭിനന്ദിക്കുകയാണ്.കോയമ്പത്തൂരിലെ ചടങ്ങുകള്‍ക്ക് ശേഷം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗംഭീരമായ വിവാഹ സല്‍ക്കാരത്തില്‍ രാഷ്ടീയ, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ വന്‍ നിര തന്നെ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പി.സി. ജോര്‍ജ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂര്‍, ഷാജി കൈലാസ്, ആനി, കൃഷ്ണപ്രഭ, മണിയന്‍പിള്ള രാജു, ഗോകുല്‍ സുരേഷ് തുടങ്ങിയ ചലച്ചിത്ര താരങ്ങളും ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ എത്തിച്ചേര്‍ന്നു.
1994 മേയ് 20-നായിരുന്നു ഗണേഷ് കുമാറും ആരോഗ്യ ഗവേഷണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഡോ. യാമിനി തങ്കച്ചിയും തമ്മിലുള്ള വിവാഹം. ഈ ബന്ധത്തിലെ മൂത്തമകനാണ് ആദിത്യ. പിന്നീട് ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും നിയമപരമായി വേര്‍പിരിയുകയായിരുന്നു. ഇതിനുശേഷം 2014 ജനുവരി 24-ന് ഗണേഷ് കുമാര്‍ ബിന്ദു മേനോനെ വിവാഹം കഴിച്ചു. ദമ്പതികള്‍ എന്ന ലേബല്‍ മാറിയെങ്കിലും മക്കളുടെ സന്തോഷങ്ങളിലും ആവശ്യങ്ങളിലും മാതാപിതാക്കളെന്ന കടമ മുന്‍നിര്‍ത്തി ഇരുവരും ഒത്തുചേര്‍ന്നത് വേറിട്ടൊരു സന്ദേശമാണ് നല്‍കുന്നത്.

