മൂവാറ്റുപുഴ: സീറോ മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ മുന്‍ മെത്രാപ്പോലീത്തയും പ്രമുഖ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് (79) അന്തരിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭദ്രാസനാധ്യക്ഷ പദവിയില്‍ നിന്ന് വിരമിച്ച ശേഷം തിരുവല്ല ഭദ്രാസന അരമനയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം. ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച ശേഷം കബറടക്ക ശുശ്രൂഷകള്‍ തിങ്കളാഴ്ച നടക്കും.
1945 മേയ് 25-ന് തിരുവല്ല കല്ലൂപ്പാറയില്‍ കക്കനാട്ടില് വര്‍ഗീസിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച ഏബ്രഹാം മാര്‍ യൂലിയോസ് ചെറുപ്പത്തില്‍ തന്നെ ആത്മീയപാത തിരഞ്ഞെടുത്തു. തിരുവല്ല ഇന്‍ഫന്റ് മേരി മൈനര്‍ സെമിനാരിയിലായിരുന്നു പ്രാഥമിക വൈദിക പരിശീലനം. തുടര്‍ന്ന് കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയില്‍ നിന്ന് തത്ത്വശാസ്ത്ര പഠനവും റോമിലെ പ്രൊപ്പഗണ്ട കോളജില്‍ നിന്ന് ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി. റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഉര്‍ബാനിയ സര്‍വകലാശാല എന്നിവടങ്ങളില്‍ നിന്ന് ബൈബിള്‍ തിയോളജിയില്‍ ഡോക്ടറേറ്റും പൗരസ്ത്യ ഭാഷകളില്‍ ഡിപ്ലോമയും കരസ്ഥമാക്കി. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം പന്ത്രണ്ടോളം ഭാഷകളില്‍ പണ്ഡിതനായിരുന്നു.
തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരി റെക്ടറായും തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ വികാരിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001-ല്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ഡയറക്ടറായി ചുമതലയേറ്റതോടെയാണ് അദ്ദേഹത്തിലെ മികവുറ്റ സംഘാടകനെ ലോകമറിഞ്ഞത്. മെഡിക്കല്‍ കോളജിന് പുറമെ നഴ്സിങ്, ഫാര്‍മസി, ഡെന്റല്‍ കോളജുകള്‍, പുഷ്പഗിരി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ആരംഭിച്ചും, ഗ്രാമീണ മേഖലകളില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ തുറന്നും പുഷ്പഗിരിയെ ഒരു വലിയ മെഡിക്കല്‍ സിറ്റിയാക്കി മാറ്റുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. സ്വാശ്രയ-ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശപോരാട്ടങ്ങളിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.
2008 ഫെബ്രുവരി 9-നാണ് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി അദ്ദേഹം അഭിഷിക്തനായത്. ഹൈറേഞ്ച് മേഖല ഉള്‍പ്പെടുന്ന മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കാനും മലയോര മേഖലയിലെ കര്‍ഷകരുടെയും സാധാരണക്കാരുടെയും ക്ഷേമത്തിനുമായി ആവിഷ്കരിച്ച വിവിധ പദ്ധതികള്‍ അദ്ദേഹത്തെ ജനപ്രിയനായ ഇടയനാക്കി മാറ്റി.

