മൂവാറ്റുപുഴ: ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി എംസി റോഡില്‍ പേഴക്കാപ്പിള്ളി ഭാഗത്തിന്റെ നവീകരണത്തിന് 2.10 കോടി രൂപ അനുവദിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. പേഴക്കാപ്പിള്ളി മത്സ്യ മാര്‍ക്കറ്റിന് സമീപം 2019ല്‍ ടൈല്‍ വിരിച്ച് നവീകരിച്ച ഭാഗത്തെ ടൈലുകള്‍ ഇളകി താഴ്ന്നത് അപകടങ്ങള്‍ക്ക് കാരണമായിരുന്നു. ഈ ടൈലുകള്‍ നീക്കം ചെയ്ത് റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനാണ് തുക. 2019ന് ശേഷം എംസി റോഡില്‍ ഒരു പദ്ധതിക്കായി പൊതുമരാമത്ത് തുക അനുവദിക്കുന്നത് ഇതാദ്യമാണ്.
നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന മധ്യകേരളത്തിലെ പ്രധാന പാതയായ എംസി റോഡില്‍ കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതാണ് കുഴികള്‍ക്ക് കാരണം. എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് റോഡിലെ ഭൂരിഭാഗം കുഴികളും കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിരുന്നു. മണ്ഡല-മകരവിളക്ക് സീസണിന് മുന്‍പ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പണി പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ അറിയിച്ചു.


