പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തില്‍ സര്‍ക്കാരിന് അനുകൂല നിയമോപദേശം ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസില്‍ അന്വേഷണം നടത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ എ.ജിയുടെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഏത് രീതി വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചു. സുപ്രീം കോടതി വിധികള്‍ അടക്കം അടിസ്ഥാനമാക്കിയാണ് എ.ജിയും ഡി.ജി.പിയും നിയമോപദേശം നല്‍കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയം ശക്തമായി ഉന്നയിച്ച മുന്നണിയെന്ന നിലയില്‍ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാരിന് പിന്നോട്ടുപോകാനാകില്ലെങ്കിലും, കേന്ദ്ര ഇ.ഡി നടപടികളോട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനുള്ള നിലപാട് സര്‍ക്കാരിന് മുന്നില്‍ ചോദ്യചിഹ്നമായി നിലനില്‍ക്കുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന തലത്തില്‍ തന്നെ തീരുമാനിക്കാവുന്ന കാര്യമേ ഉള്ളൂവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതിന് പുറമെ, അടൂര്‍ സ്വദേശിയായ ദളിത് യുവാവിനെ ശാസ്താംകോട്ട പൊലീസ് മര്‍ദിച്ച പരാതിയില്‍ എസ്.ഐ.ടിയെ നിയോഗിച്ച് കടുത്ത നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടര്‍ ടി.വി ഉടമയ്ക്കെതിരായ കേസില്‍ അന്വേഷണസംഘം പൂര്‍ണ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

