മൂവാറ്റുപുഴ: 28 വര്‍ഷം രസതന്ത്ര അദ്ധ്യാപകനായും നാലു വര്‍ഷം പ്രധാന അധ്യാപകനുമായി, 32 വര്‍ഷത്തെ സേവനത്തിനൊടുവില്‍ പി.സി സ്കറിയ വിരമിച്ചു. 1989 മുതല്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സ്കൂളിലെ ശ്രദ്ധാകേന്ദ്രമായി മാറി. എയ്ഡഡ് സ്കൂളുകള്‍ക്ക് സ്കൂള്‍ ബസ് ഇല്ലാതിരുന്ന കാലത്ത് മൂവാറ്റുപുഴയില്‍ ആദ്യം സ്കൂള്‍ ബസ് യാഥാര്‍ഥ്യമാക്കിയത് സ്കറിയയുടെ നേതൃത്വത്തില്‍ തര്‍ബിയത്ത് സ്കൂളില്‍ ആയിരുന്നു.
ഒരു ദശാബ്ദമായി സ്കൂള്‍ പുറത്തിറക്കുന്ന ‘തര്‍ബിയത്ത് ന്യൂസ് ‘എന്ന വാര്‍ത്താ പത്രിക ആരംഭിച്ചത് അദ്ദേഹമാണ്. അഞ്ചു വര്‍ഷം അദ്ദേഹം തന്നെയായിരുന്നു എഡിറ്ററും പബ്ലിഷറും. ജില്ലാതല സയന്‍സ് ക്ലബ്ബ് സെക്രട്ടറിയായി ഏറെ കാലം പ്രവര്‍ത്തിച്ചു. കലോത്സവം വിദ്യാഭ്യാസ ജില്ലാതലത്തില്‍ നടന്നപ്പോള്‍ പ്രോഗ്രാം കണ്‍വീനര്‍ ആയിരുന്നിട്ടുണ്ട്. ഏഴു ദിവസം തുടര്‍ച്ചയായി അധ്യാപകര്‍ക്ക് നല്കിയ പേഴ്സണാലിറ്റി ഡെവലപ്പ് മെന്റ് കോഴ്സിന് ഒരുവര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ ഡിആര്‍ജി ആയി സേവനമനുഷ്ഠിച്ചു.
കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ, ഫോര്‍ട്ടു കൊച്ചി വിദ്യാഭ്യാസ ജില്ലകളില്‍ ഡിആര്‍ജി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപക ശാക്തീകരണ കോഴ്സുകളുടെ രസതന്ത്ര മോഡ്യൂള്‍ നിര്‍മ്മാണത്തിലും ഭാഗവാക്കായി ഇരുന്നിട്ടുണ്ട്. മോറല്‍ എഡ്യൂക്കേഷന്‍, ഗാന്ധിദര്‍ശന്‍ തുടങ്ങിയ പഠന പദ്ധതികള്‍ സ്കൂളില്‍ സാര്‍ സംഘടിപ്പിച്ചു വന്നിരുന്നു. 2017ല്‍ പ്രധാനാധ്യാപകന് ആയതിനുശേഷം സ്കൂളിനെ വളര്‍ച്ചയിലേക്ക് നയിക്കാനും അദ്ദേഹത്തിനായി. എസ്എസ്എല്‍സിക്ക് 100% വിജയം സാറിന്റെ നേതൃത്വത്തില്‍ ആദ്യവര്‍ഷം തന്നെ നേടി. 2020 വരെ തുടര്‍ച്ചയായി വിജയം നൂറ് ശതമാനം ഉറപ്പിക്കാനും, എപ്ലസ് കളുടെ എണ്ണം വര്‍ധിപ്പിക്കാനും സാറിന്റെ നേതൃത്വപാടവം സഹായകരമായി.
എല്ലാ കുട്ടികളോടും സ്നേഹത്തോടെ ഇടപെടാനും അധ്യാപകരെ ഒന്നിച്ച് നിര്‍ത്തി മുന്നേറാനും സാറിന് കഴിഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ സ്കൂളില്‍ ജാഗ്രതാ സമിതി രൂപീകരിച്ചതും ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശം വരും മുമ്പേ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഗൂഗിള്‍ ക്ലാസ്സുകളും തര്‍ബിയത്ത് നടപ്പില്‍ വരുത്തി. ഇക്കാലയളവില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇരുപതോളം ടിവികള്‍ വിതരണം ചെയ്യാന്‍ സ്കൂളിനായി.
സഹോദരതുല്യമായ ഒരു സ്നേഹബന്ധം എല്ലാവരുമായി പുലര്‍ത്തുന്നതു കൊണ്ടു തന്നെ എല്ലാ സഹപ്രവര്‍ത്തകരുടെയും സ്നേഹബഹുമാനങ്ങള് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


