കൊച്ചി: മുനമ്പം മനുഷ്യക്കടത്തു കേസില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികള്‍ക്ക് എല്‍ടിടി ബന്ധമുണ്ടെന്നും സൂചന. മുനമ്പത്ത് നിന്നും യാത്രയ്ക്കായി പ്രതികള്‍ ബോട്ട് അന്വേഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത്. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പൊലീസ് സൈബര്‍ വിഭാഗം ഇത് റിട്രീവ് ചെയ്തെടുക്കുകയായിരുന്നു. കേസ് അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും നീളുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും ശ്രീലങ്കന്‍ ബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതായിട്ടാണ് സൂചന. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും കേസില്‍ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. കേസില്‍ അന്വേഷണ സംഘം തിരയുന്ന ശ്രീലങ്കന്‍ സ്വദേശികളായ ശെല്രാജും ശ്രീകാന്തും ദൃശ്യങ്ങളിലുണ്ട്. ഇവര്‍ ഓരോ ബോട്ട് കയറിയിറങ്ങി അന്വേഷിക്കുകയും തങ്ങള്‍ക്ക് വലിയ ബോട്ടാണ് വേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. കേസിലെ മുഖ്യ പ്രതികളായ ശ്രീകാന്തും ശെല്‍വരാജും മുനമ്പത്തു നേരിട്ട് എത്തിയതിനുള്ള പ്രധാന തെളിവാണിത്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്ന് ഒരാളെക്കൂടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അംബേദ്കര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയാണ് പിടിയിലായത്. ഇയാള്‍ സംഘത്തിന്റെ ഏജന്റുമാരിലൊരാളാണെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി രവിയെ നെടുമ്ബാശ്ശേരിയില്‍ എത്തിച്ചു. നേരത്തേ പിടിയിലായ പ്രഭു ദണ്ഡപാണിയുടെ കൂട്ടുകാരനാണ് രവി. രവിയുടെ അച്ഛന്, അമ്മ, സഹോദരന് എന്നിവര്‍ യാത്രപോയ സംഘത്തിലുണ്ടെന്ന് പറയുന്നു. ഡല്‍ഹിയില്‍ നിന്ന് പിടിച്ച പ്രഭുവിനെ നേരത്തേ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

